വൈദ്യുതി ഉല്‍പ്പാദനത്തില്‍ കേരളം സ്വയം പര്യാപ്തതയിലേക്ക്; പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ ആദ്യഘട്ടം 42,489 കെട്ടിടത്തില്‍; ലക്ഷ്യം 1870 മെഗാവാട്ട്

വൈദ്യുതി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കേരളം നടപ്പാക്കുന്ന പുരപ്പുറ സോളാര്‍പദ്ധതിയുടെ ആദ്യഘട്ട 200 മെഗാവാട്ട് ഉല്‍പ്പാദനം യാഥാര്‍ഥ്യത്തിലേക്ക്. 42,489 കെട്ടിടങ്ങളില്‍ പദ്ധതി ഉടന്‍ നടപ്പാക്കും. 2.78 ലക്ഷം അപേക്ഷകരില്‍നിന്നാണ് റാങ്കിങ് നല്‍കിയാണ് ഇവരെ തെരഞ്ഞെടുത്തത്. ഇതിനായി വൈദ്യുതി ബോര്‍ഡ് ഇ-ടെന്‍ഡറും ക്ഷണിച്ചു.

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സോളാര്‍ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ 19ന് ഡല്‍ഹിയില്‍ സോളാര്‍ ഇന്‍വസ്റ്റേഴ്സ് മീറ്റും നടക്കും. കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയം എം പാനല്‍ ചെയ്ത സോളാര്‍ കമ്പനികള്‍ക്കാകും കരാര്‍ നല്‍കുക. ഇതിനായാണ് മീറ്റ് നടത്തുന്നത്.

മുന്നുവര്‍ഷംകൊണ്ട് സൗരോര്‍ജത്തില്‍നിന്ന് ആയിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതില്‍ 500 മെഗാവാട്ട് പുരപ്പുറ പദ്ധതിയിലൂടെ ഉല്‍പ്പാദിപ്പിക്കും. ഇതിന്റെ ആദ്യപടിയായാണ് 200 മെഗാവാട്ടിന്റെ പദ്ധതി. വീടുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ടെറസില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചാണ് ലക്ഷ്യം നേടുക. സ്ഥല ലഭ്യത, സാമ്പത്തിക ലാഭം, വികേന്ദ്രീകരണം തുടങ്ങിയ ഒട്ടേറെ നേട്ടങ്ങള്‍ പരിഗണിച്ചാണിത്.

രാജ്യത്തുതന്നെ ഈ പദ്ധതി ആദ്യമാണ്. നിലവില്‍ കേരളത്തില്‍ 130 മെഗാവാട്ട് സോളാര്‍ വൈദ്യുതി അനര്‍ട്ട്, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 175 മെഗാവാട്ടിന്റെ പത്ത് പദ്ധതി വിവിധ ഘട്ടങ്ങളിലുമാണ്. ഇതിനുപുറമെയാണ് കെഎസ്ഇബി പുതിയ പദ്ധതി നടപ്പാക്കുന്നത്.

ഓണ്‍ലൈന്‍ വഴിയാണ് പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചത്. 2,78,264 അപേക്ഷ ലഭിച്ചു. കെട്ടിടം വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചാണ് 42,489 പേരെ തെരഞ്ഞെടുത്തത്. നിഴല്‍രഹിത കെട്ടിടം, പരന്ന പ്രതലം, കുറഞ്ഞത് 200 ചതുരശ്ര അടി വിസ്തീര്‍ണം തുടങ്ങിയ ഘടകങ്ങളാണ് പരിശോധിച്ചത്. ഇതില്‍ 36,00 എണ്ണം വീടുകളാണ്. 2739 എണ്ണം വ്യാപാര സ്ഥാപനങ്ങളും 2500 എണ്ണം ഓഫീസുകളും 850 എണ്ണം വ്യവസായ സ്ഥാപനങ്ങളുമാണ്.

കേരളത്തില്‍ 1870 മെഗാവാട്ട് വൈദ്യുതി സൗരോര്‍ജത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ കണക്ക്. മൂന്ന് വര്‍ഷംകൊണ്ട് ആയിരം മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കും. 500 മെഗാവാട്ട് പുരപ്പുറം വഴിയും 200 മെഗാവാട്ട് ഗ്രൗണ്ട് നിലയം വഴിയും 100 മെഗാവാട്ട് ഫോളാട്ടിങ് സോളാര്‍ പാനല്‍വഴിയും 150 മെഗാവാട്ട് സോളാര്‍ പാര്‍ക്കിലൂടെയും 50 മെഗാവാട്ട് കനാല്‍ ടോപ്പ് വഴിയുമാകും ഉല്‍പ്പാദിപ്പിക്കുക. ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News