സൗദി എണ്ണയുല്‍പ്പാദനം കുറച്ചതോടെ ഇന്ത്യ ആശങ്കയില്‍; ഇന്ധനവില ഉയര്‍ന്നു

എണ്ണശുദ്ധീകരണശാലയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് സൗദി എണ്ണയുല്‍പ്പാദനം പകുതിയായി വെട്ടിക്കുറച്ചത് ഇന്ത്യയുടെ ഇന്ധനസുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക. അമേരിക്കന്‍ ശാസനയെ തുടര്‍ന്ന് ഇറാന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ച ഇന്ത്യ സൗദിയില്‍നിന്നുള്ള എണ്ണയെ ആശ്രയിച്ചാണ് ഇന്ധന ആവശ്യകത നിലനിര്‍ത്തുന്നത്. സൗദി എണ്ണവരവ് കുറഞ്ഞാല്‍ ഇന്ത്യയില്‍ ഇന്ധനവില ഉയരും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് ഇത് വന്‍ വെല്ലുവിളിയാകും.

ആഗോളവിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഒരു ഡോളര്‍ കൂടിയാല്‍ ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍ 10,700 കോടി രൂപ വര്‍ധിക്കും. നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന് വിപണിയില്‍ ബാരലിന് 60.04 ഡോളറാണ് വില. സൗദി പ്രതിസ ന്ധിയോടെ വരുംദിവസങ്ങളില്‍ ക്രൂഡോയില്‍ വിലയില്‍ കുറഞ്ഞത് പത്തു ഡോളറെങ്കിലും കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍ 60,000 കോടിയോളം രൂപയുടെ വര്‍ധനയുണ്ടാകും.

പ്രതിദിനം ആറു ലക്ഷത്തോളം ബാരല്‍ ക്രൂഡോയിലാണ് ഇറാന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. കുറഞ്ഞവില, രൂപയില്‍ വിനിമയത്തിനുള്ള സൗകര്യം, എണ്ണയ്ക്കു പകരം മറ്റ് ഉല്‍പ്പന്നങ്ങള്‍ കൈമാറാനുള്ള അവസരം, കുറഞ്ഞ ഗതാഗതച്ചെലവ് തുടങ്ങിയ അനുകൂല ഘടകങ്ങള്‍ ഇറാനുമായുള്ള ഇന്ധനവ്യാപാരത്തിലുണ്ടായിരുന്നു.

ഇരുരാജ്യത്തിനും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യക്ക് ഏറെ പ്രയോജനകരമായ എണ്ണ ഇറക്കുമതി നിര്‍ത്താന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഇന്ത്യക്ക് ഊര്‍ജസുരക്ഷയ്ക്കായി സൗദി, യുഎസ് തുടങ്ങിയ രാജ്യങ്ങളെ അമിതമായി ആശ്രയിക്കേണ്ടിവന്നു. കൂടിയവിലയ്ക്കാണ് ഈ രാജ്യങ്ങളില്‍നിന്ന് എണ്ണ വാങ്ങുന്നത്.

ഇറാനില്‍നിന്നുള്ള എണ്ണ വേണ്ടെന്നുവച്ചതോടെ ഇന്ത്യക്കു പകരം എണ്ണ എത്തിക്കാന്‍ ആദ്യം മുന്നോട്ടുവന്നത് കഴിഞ്ഞദിവസം ഡ്രോണ്‍ ആക്രമണം നേരിട്ട സൗദിയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ ആരാംകോയാണ്.

പ്രതിദിനം രണ്ടുലക്ഷം ബാരല്‍ എണ്ണയാണ് ആരാംകോയില്‍നിന്നു മാത്രം ഇന്ത്യക്ക് അധികമായി ലഭിച്ചിരുന്നത്. ആരാംകോ ഉല്‍പ്പാദനം നിര്‍ത്തിയതോടെ ഈ സ്രോതസ്സ് നിലയ്ക്കും. എണ്ണയുല്‍പ്പാദനം പഴയതോതില്‍ പുനഃസ്ഥാപിക്കുന്നതുവരെ ഇന്ത്യയുടെ പ്രതിസന്ധി തുടരും.

ഹൂതി വിമതരും സൗദിയും തമ്മിലുള്ള സംഘര്‍ഷം ഗള്‍ഫ് മേഖലയെ പ്രതിസന്ധിയിലാക്കിയാല്‍ ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ചുള്ള ആഗോള എണ്ണവ്യാപാരത്തെ രൂക്ഷമായി ബാധിക്കാനിടയുണ്ട്. ഇത് ആഗോള ക്രൂഡോയില്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കും. ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറിലേക്ക് വീണ്ടുമെത്താനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here