സൗദി ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് അമേരിക്ക; മുന്നറിയിപ്പുമായി ഇറാന്‍

സൗദി അറേബ്യയില്‍ ആരോംകോയുടെ രണ്ട് എണ്ണ ശുദ്ധീകരണശാലകളില്‍ യമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനുപിന്നില്‍ ഇറാനാണെന്ന് അമേരിക്ക. ആരോപണം ഇറാന്‍ നിഷേധിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്കിനെ ആക്രമിക്കാന്‍ പഴുത് തേടുകയാണ് അമേരിക്കയെന്ന് ഇറാന്‍ വിദേശമന്ത്രാലയ വക്താവ് അബ്ബാസ് മൂസവി കുറ്റപ്പെടുത്തി. അമേരിക്കയുടെ അന്ധമായ ആരോപണങ്ങള്‍ അവിശ്വസനീയവും അര്‍ഥമില്ലാത്തതുമാണ്.

ഒരു രാജ്യത്തിന്റെ യശസ്സ് തകര്‍ക്കാനും ‘ഭാവി നടപടികള്‍ക്ക്’ വഴിയൊരുക്കാനും ചാരസംഘടനകള്‍ നടത്തുന്ന ഗൂഢാലോചന പോലെയുള്ളതാണ് അമേരിക്കന്‍ ആരോപണമെന്നും ഇറാന്‍ വക്താവ് പറഞ്ഞു. അമേരിക്കക്കാര്‍ പരമാവധി സമ്മര്‍ദമെന്ന നയം സ്വീകരിച്ചിരിക്കുകയാണ്. അത് പരാജയപ്പെട്ടതിനാല്‍ പരമാവധി നുണയായി മാറിയിരിക്കുയാണ്. പൂര്‍ണതോതിലുള്ള യുദ്ധത്തിനും ഇറാന്‍ സദാ സജ്ജമാണെന്ന് ഇറാന്‍ വിപ്ലവസേനാ കോറിന്റെ വ്യോമ–ബഹിരാകാശവിഭാഗം തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീറലി ഹാജിസാദി മുന്നറിയിപ്പ് നല്‍കി. സൗദി എണ്ണ ശുദ്ധീകരണശാലകളിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ

ഹൂതി വിമതര്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്കന്‍ നിലപാട്. യമനില്‍നിന്നാണ് ആക്രമണമുണ്ടായത് എന്നതിന് തെളിവില്ലെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ വാദം. ആക്രമണത്തിന് ഇറാനെക്കൊണ്ട് കണക്ക് പറയിക്കുമെന്നും പോംപിയോ ഭീഷണി മുഴക്കി. ഇതിന് പ്രതികരണമായാണ് ഇറാന്‍ സര്‍ക്കാര്‍–സൈനിക വക്താക്കള്‍ നിലപാട് വ്യക്തമാക്കിയത്.

അമേരിക്കയില്‍ അടുത്തവര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രംപ് ഭരണകൂടം യുദ്ധഭ്രാന്ത് വളര്‍ത്തുന്നതിനെതിരെ ഡെമോക്രാറ്റിക് നേതാക്കളില്‍നിന്ന് പ്രതികരണമുണ്ട്. ഹൂതികള്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്ന് കരുതി ഹൂതികളെ ഇറാന് സമമായി കാണാനാകില്ലെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മര്‍ഫി പറഞ്ഞു. എന്നാല്‍, ഇറാനിലെ എണ്ണശുദ്ധീകരണശാലകളില്‍ ആക്രമണം നടത്തണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം ആവശ്യപ്പെട്ടു.

2015ല്‍ ഇറാനുമായി വന്‍ശക്തികള്‍ ഉണ്ടാക്കിയ ആണവകരാറില്‍നിന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്ക ഏകപക്ഷീയമായി പിന്മാറി ഉപരോധം കര്‍ക്കശമാക്കിയിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News