പിഎസ്‌സി പരീക്ഷകള്‍ ഇനി മലയാളത്തിലും; മലയാളത്തില്‍ പരീക്ഷ നടത്തണമെന്നാവശ്യത്തിന് തത്വത്തില്‍ അംഗീകാരം

തിരുവനന്തപുരം: പിഎസ്സി നടത്തുന്ന കെഎഎസ് അടക്കമുള്ള എല്ലാ പരീക്ഷകളുടേയും ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ നല്‍കുവാന്‍ നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അത് നടപ്പിലാക്കാമെന്ന് പിഎസ്സി ചെയര്‍മാന്‍ അറിയിച്ചതായും അതേസമയം അത്തരത്തില്‍ മാറ്റം വരുത്തുമ്പോള്‍ നേരിടുന്ന വിഷമതകള്‍ ചൂണ്ടികാണ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് പരിഹരിക്കാന്‍ സര്‍വ്വകലാശാല വൈസ് ചെയര്‍മാന്‍മാരുടെ യോഗം വിളിക്കും. പിഎസ്സി ചെയര്‍മാനെയും അതില്‍ പങ്കെടുപ്പിക്കും. കൂടാതെ ശാസ്ത്ര, കംപ്യൂട്ടര്‍ വിഷയങ്ങളില്‍ മലയാളത്തിനായി വിജ്ഞാന ഭാഷാനിഘണ്ടു ഉണ്ടാക്കുവാന്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ പ്ലസ്ടു അടിസ്ഥാനയോഗ്യതയായിട്ടുള്ള എല്ലാ പരീക്ഷകള്‍ക്കും പിഎസ്സി മലയാളത്തില്‍ ചോദ്യപേപ്പര്‍ നല്‍കുന്നുണ്ട്. 90 ശതമാനം പരീക്ഷകളും അതില്‍ ഉള്‍പ്പെടും. അതിന് മുകളില്‍ ഉള്ള പരീക്ഷകളില്‍ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ നല്‍കി ഉത്തരങ്ങള്‍ മലയാളത്തിലും എഴുതുന്ന സംവിധാനമാണുണ്ടായിരുന്നത്. സര്‍വകലാശാലകളില്‍ ഇത്തരത്തില്‍ പരീക്ഷ എഴുതുന്ന മാതൃകയാണ് പിഎസ്സി സ്വീകരിച്ചിരുന്നത്. എന്നാല്‍ ചോദ്യപേപ്പറും മലയാളത്തില്‍ വേണമെന്ന ആവശ്യമാണ് നടപ്പാക്കാന്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ ന്യൂനപക്ഷ ഭാഷയായ കന്നഡയിലും തമിഴിലും ചോദ്യപേപ്പര്‍ നല്‍കേണ്ടിവരും.

ഇത്തരത്തില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ ശാസ്ത്ര, കംപ്യൂട്ടര്‍ സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഭാഷാപരിമിതി നേരിടുന്നുണ്ട്. അത് മറികടക്കാന്‍ സമിതിയെ ചുമതലപ്പെടുത്തും.

ഭരണഭാഷ മലയാളമാക്കല്‍ എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും നമ്മള്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റേതെങ്കിലും ഭാഷക്ക് എതിരാകുന്ന നിലയില്ല മലയാളത്തെ പ്രോല്‍സാഹിപ്പിക്കുന്നത്. മറ്റ് ഭാഷക്കാരുമായി ഇടപഴകേണ്ടി വരുമ്പോള്‍ ഇംഗ്ലീഷില്‍ ആണ് സര്‍ക്കാര്‍ ആശയവിനിമയം നടത്താറുള്ളത്. കന്നഡ, തമിഴ്ഭാഷകളും അത്തരത്തില്‍ഉപയോഗിക്കേണ്ടി വരാറുണ്ട്. മലയാളം വലിയ തോതില്‍ അഭിമാനം തന്നെയാണ്. കോടതി ഭാഷ വരെ മലയാളത്തിലാക്കുന്നതിനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News