പാലാരിവട്ടം പാലം പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി; മേല്‍നോട്ടം ഇ.ശ്രീധരന്

തിരുവനന്തപുരം: പാലാരിവട്ടം പാലം പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇ ശ്രീധരനുമായി ചര്‍ച്ച നടത്തി. ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചു. ഇതിന്റെ അടിസ്ഥാത്തിലായിരുന്നു ഇ ശ്രീധരനുമായുള്ള ചര്‍ച്ച.

ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടില്‍ തകര്‍ച്ച നേരിട്ട പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ എത്രകാലം നിലനില്‍ക്കും എന്നത് സംബന്ധിച്ച് ഒരു വ്യക്തത കുറവുണ്ട്. അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുണ്ടെന്നും പുനരുദ്ധാരണവും ശക്തിപ്പെടുത്തലും ഫലപ്രദമാകില്ലെന്നും അതിനാല്‍ പാലം പുതുക്കിപ്പണിയുക എന്നതാണ് വേണ്ടതെന്നും ശ്രീധരന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇത് അംഗീകരിച്ച് പാലം പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചു. സാങ്കേതിക മികവുള്ള ഏജന്‍സിയെ നിര്‍മാണം ഏല്‍പ്പിക്കും. മേല്‍നോട്ടത്തിനും വിദഗ്ധ ഏജന്‍സി ഉണ്ടാകും. പൊതുവായ മേല്‍നോട്ടം ശ്രീധരന്‍ വഹിക്കാമെന്ന് സമ്മതിച്ചു. എസ്റ്റിമേറ്റ് അടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം തയ്യാറാക്കും.

ഒക്ടോബര്‍ ആദ്യവാരം നിര്‍മാണം തുടങ്ങണം എന്നാണ് ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പൊതുമരാമത്ത് മന്ത്രിയും ചര്‍ച്ചയില്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here