‘ഞാന്‍ ഉണര്‍ന്നു മുറ്റത്തേക്ക് ചെന്നിരുന്നെങ്കില്‍ മുത്തച്ഛനെ അവര്‍ കൊല്ലില്ലായിരുന്നു’

ഇരിങ്ങാലക്കുട മാപ്രാണത്ത് തിയേറ്റര്‍ ഉടമ വീട്ടില്‍ക്കയറി വെട്ടി കൊലപ്പെടുത്തിയ വാലത്ത് രാജന്റെ വീട് സന്ദര്‍ശിച്ച കഥാകൃത്ത് അശോകന്‍ ചരുവില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ്:

‘ഇരിങ്ങാലക്കുട മാപ്രാണത്ത് തിയേറ്റര്‍ ഉടമ വീട്ടില്‍ക്കയറി വെട്ടി കൊലപ്പെടുത്തിയ വാലത്ത് രാജന്‍ എന്റെ ബന്ധുവും, അതിലേറെ അടുത്ത സുഹൃത്തുമാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഏതെങ്കിലും ഒരാളോട് അദ്ദേഹം ദേഷ്യപ്പെട്ട് സംസാരിച്ചിട്ടുണ്ടാവാന്‍ ഇടയില്ല. തന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യരുതെന്ന് ആവശ്യപ്പെട്ടു എന്നതാണ് അദ്ദേഹം ചെയ്ത കുറ്റം.

അര്‍ദ്ധരാത്രി നേരത്ത് ഗേറ്റില്‍ വന്നു തട്ടി വിളിച്ച അക്രമികള്‍ക്ക് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു ചെന്ന് ഗേറ്റു തുറന്നുകൊടുക്കുമ്പോള്‍ മനുഷ്യരെല്ലാം തന്നേപ്പോലെ ശാന്തരം സൗമ്യരുമാണെന്നായിരിക്കും അദ്ദേഹം കരുതിയത്.

അദ്ദേഹത്തിന്റെ വീട് ഞാന്‍ ഇന്നലെ സന്ദര്‍ശിച്ചു. വീടിന്റെ അത്താണിയായ ആള്‍ വെട്ടേറ്റു വീഴുന്നതു കണ്ടതിന്റെ നടുക്കത്തില്‍ നിന്ന് രണ്ട് പെണ്‍മക്കള്‍ക്കും അവരുടെ അമ്മക്കും മോചനമില്ല. മകളുടെ മകന്‍ ആറുവയസ്സുള്ള ഒരു മിടുക്കന്‍ കുട്ടി എന്റെ അടുത്തുവന്നു പറഞ്ഞു:
‘ഞാന്‍ അപ്പോള്‍ ഉറങ്ങുകയായിരുന്നു. ഞാന്‍ ഉണര്‍ന്നു മുറ്റത്തേക്ക് ചെന്നിരുന്നെങ്കില്‍ മുത്തച്ഛനെ അവര്‍ കൊല്ലില്ലായിരുന്നു.’

ഞാന്‍ ചോദിച്ചു: ‘നീ എന്തു ചെയ്യുമായിരുന്നു?’
‘ഞാന്‍ മുന്നില്‍ കയറി നില്‍ക്കും. ഞാന്‍ കുട്ടിയല്ലേ? എന്നെക്കണ്ട് അവര്‍ വെട്ടാന്‍ നില്‍ക്കാതെ തിരിച്ചു പോവുമായിരുന്നു.’
ഞാന്‍ അവന്റെ തോളില്‍ കൈവെച്ചു പറഞ്ഞു: ‘ശരിയാണ്. അവര്‍ തിരിച്ചു പോകുമായിരുന്നു.’
കുഞ്ഞുങ്ങളില്‍ പ്രതീക്ഷ നിലനില്‍ക്കട്ടെ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here