
ജമ്മു കശ്മീരില്‍ സാധാരണ ജീവിതം ഉറപ്പാക്കണം എന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി. ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയില്‍ ഹൈക്കോടതിയോട് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി.
ആരോപണം സത്യമെങ്കില്‍ കശ്മീരില്‍ പോയി നടപടി സ്വീകരിക്കും എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി വ്യക്തമാക്കി. അതേസമയം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ക്ക് ജമ്മു കശ്മീരില്‍ പോകാന്‍ കോടതി അനുമതി നല്‍കി.
ജമ്മു കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് സംസ്ഥാനത്ത് സാധാരണ ജീവിതം ഉറപ്പാക്കണം എന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദേശിച്ചത്.രാജ്യ താല്പര്യം പരിഗണിച്ച് വേണം നടപടികള്‍ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി അധ്യക്ഷനായ 3 അംഗ ബെഞ്ച് വ്യക്തമാക്കി.
കുട്ടികളുടെ അനധികൃത തടങ്കല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി വാദം നടക്കവെ ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല എന്ന് സാമൂഹ്യ പ്രവര്‍ത്തക ഏനാക്ഷി ഗാംഗുലിയുടെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഈ പരാതിയിലാണ്‌ഹൈകോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടിയത്.
ആരോപണം ഗൗരവം ആണെന്നും സത്യം ആണെങ്കില്‍ കശ്മീരില്‍ പോയി നടപടി സ്വീകരിക്കും എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ നല്‍കുന്നതില്‍ ജഡ്ജ്മാര്‍ അതൃപ്തി അറിയിച്ചിരുന്നു. തരിഗാമിയുടെ നിയമ വിരുദ്ധ തടങ്കലിനെതിരെ ഉത്തരവിറക്കാന്‍ ഹര്‍ജിക്കാരനായ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു.
ശ്രീനഗര്‍, ബാരമുള്ള, അനന്ത് നാഗ്, ജമ്മു എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനാണ് ഗുലാം നബി ആസാദിന് അനുമതി. പ്രത്യേക പദവി റദ്ദാക്കിയ ഹര്‍ജികള്‍ സുപ്രീംകോടതി നേരത്തെ ഭരണ ഘടനാ ബെഞ്ചിന് വിട്ടിരുന്നു. ഈ ഹര്‍ജികളില്‍ കക്ഷി ചേരാനായി അപേക്ഷ നല്‍കാന്‍ പുതിയ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശവും നല്‍കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here