അയോധ്യ കേസിൽ മധ്യസ്ഥ ചർച്ച പുനരാരംഭിക്കുന്നതിൽ തീരുമാനം തേടി മധ്യസ്ഥ സമിതി സുപ്രീംകോടതിയെ സമീപിച്ചു.

ഇരു മത വിഭാഗങ്ങളിലെയും ആളുകൾ മധ്യസ്ഥ ചർച്ചകൾ തുടരണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയ സാഹചര്യത്തിലാണ് പുതിയ നീക്കം. കേസിൽ വാദം നടക്കുന്നതിന് ഒപ്പം മധ്യസ്ഥ ചർച്ചയും നടത്താൻ തയ്യാർ എന്ന് സമിതി കോടതിയെ അറിയിച്ചു.

അയോധ്യ കേസിൽ മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് സുന്നി വഖഫ് ബോർഡും നിർവാണി അഖാഡയും ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിക്ക് കത്ത് നൽകിയിരുന്നു.

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് മധ്യസ്ഥ ചർച്ചകൾ തുടരണമോ എന്നതിൽ സമിതി സുപ്രീംകോടതിയ്യുടെ തീരുമാനം തേടിയത്.

2.77 ഏക്കര്‍ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കണം എന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകള്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് മധ്യസ്ഥ സമിതിക്ക് രൂപം നൽകിയത്.

എന്നാൽ 155 ദിവസങ്ങൾ നീണ്ട മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു. തുടർന്ന് കേസിൽ ഭരണ ഘടനാ ബഞ്ച് വാദം കേൾക്കാനും തുടങ്ങി.

കേസിലെ വാദം കേൾക്കൽ 3 ആഴ്ച പിന്നിടവെയാണ് മധ്യസ്ഥ ചർച്ചകൾ തുടരണം എന്ന ആവശ്യം സജീവമായിരിക്കുന്നത്.

ഇരു മത വിഭാഗങ്ങളിലെയും ആളുകൾ മധ്യസ്ഥ ചർച്ചകൾ തുടരണം എന്ന് ആവശ്യപ്പെട്ടതായി മധ്യസ്ഥ സമിതി കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കി.

കേസിൽ ഭരണ ഘടനാ ബെഞ്ചിൽ വാദം തുടരുന്നതിന് ഒപ്പം മധ്യസ്ഥ ചർച്ചയും നടത്താൻ സന്നദ്ധം ആണെന്ന് സമിതി കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം അയോധ്യ കേസിന്റെ നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി രജിസ്റ്റട്രിയോട് മറുപടി തേടി.

കേസിന്റെ വാദം കേൾക്കലും വിധി പ്രസ്താവവും റെക്കോർഡ് ചെയ്യാൻ എങ്കിലും നടപടി വേണം എന്ന് ഹർജിയിൽ പറയുന്നു. ആർ എസ് എസ് സൈദ്ധാന്തികൻ കെ എൻ ഗോവിന്ദാചര്യ നൽകിയ ഹർജിയിലാണ് കോടതി നടപടി