പാലാ: പാലാരിവട്ടം പാലം അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല പങ്കെന്നും കുംഭകോണത്തില്‍ പങ്കുള്ള രാഷ്ട്രീയ നേതൃത്വത്തിലേക്കും വിജിലന്‍സ് അന്വേഷണം എത്തേണ്ടതുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലം പൊളിച്ചുപണിയാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്.
എല്‍ഡിഎഫ് നേതൃത്വത്തില്‍ എറണാകുളം കേന്ദ്രമാക്കി നടത്തിയ സമരത്തിന്റെ കൂടി വിജയമാണ് തീരുമാനം. യുഡിഎഫ് സര്‍ക്കാരിലെ അഴിമതി സംബന്ധിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ നേരത്തേ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണം.
ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന ആര്‍എസ്എസ് നയം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
എല്ലാ ഭാഷകളെയും അംഗീകരിക്കുന്ന നിലപാടാണ് രാജ്യത്ത് നിലവിലുള്ളത്. ഹിന്ദി അടിച്ചേല്‍പിക്കാനുള്ള തീരുമാനത്തിനെതിരെ മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഒന്നിച്ചു നില്‍ക്കണം.
പാലായില്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് വോട്ടു തേടുന്നത്. ഒന്നിച്ച് നിലപാടു സ്വീകരിക്കാന്‍ പോലും യുഡിഎഫിനു കഴിയുന്നില്ല.
യുഡിഎഫിന്റെ രാഷ്ട്രീയം പറയാനാളെക്കിട്ടുന്നില്ലെങ്കില്‍ ആ പണി ഞങ്ങളെ ഏല്‍പിക്കാമെന്ന് കരുതരുത്. ടൈറ്റാനിയം അഴിമതി രാഷ്ട്രീയ വിഷയമായി ഉന്നയിച്ചപ്പോള്‍ യുഡിഎഫ് മറുപടി പറയുന്നില്ല.
കാര്‍ഷിക രംഗത്തെ വിലത്തകര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദി. യുപിഎ സര്‍ക്കാരിനെ നയിച്ച കോണ്‍ഗ്രസിന് കാര്‍ഷിക രംഗത്തെ തകര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
പാലായില്‍ എല്‍ഡിഎഫ് ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ രമേശ് ചെന്നിത്തല തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.