തിരുവനന്തപുരം: പൊന്‍ രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തില്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നല്‍കിയ പരാതി തള്ളി.

യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളിയത്.

സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ നവംബര്‍ 21ന് നിലയ്ക്കലില്‍ വച്ചാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൊന്‍രാധാകൃഷ്ണനെ തടഞ്ഞത്.

ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ നിലക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര നിലപാടെടുക്കുകയായിരുന്നു.