കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് അടുത്തു നടക്കാനിരിക്കുന്നത് ഉൾപ്പടെ കേരള പി.എസ്.സി. നടത്തുന്ന എല്ലാ പരീക്ഷകളിലും ഇംഗ്ലീഷിനു പുറമേ മലയാളം ചോദ്യപേപ്പർ ഉൾപ്പെടുത്തുവാൻ ബഹു.മുഖ്യമന്ത്രിയും പി.എസ്.സി. ചെയർമാനും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായിരിക്കുകയാണ്.

ഇക്കാര്യത്തിൽ കേരളത്തിന്റെ ജനകീയ സാംസ്കാരിക പക്ഷത്തോടൊപ്പം നിതാന്ത ജാഗ്രതയോടെ നിന്ന മുഖ്യമന്ത്രി പിണറായി വിജയനെ സംഘം അഭിവാദ്യം ചെയ്യുന്നു.

“മലയാളത്തെ ചവിട്ടിത്താഴ്ത്തിക്കൊണ്ടല്ല മറ്റുള്ള ഭാഷകൾ പരിഗണിക്കേണ്ടത്” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഒരു മുദ്രാവാക്യമായി കേരളത്തിൽ ഉയർന്നു വരും എന്ന് ഞങ്ങൾ ആശിക്കുന്നു.

സംസ്ഥാനത്തെ ഭരണഭാഷ മലയാളമാക്കിക്കൊണ്ട് നടത്തിയ പ്രഖ്യാപനം നൂറു ശതമാനം ഫലപ്രാപ്തിയിലെത്തിക്കാനുള്ള പ്രതിബദ്ധതയാണ് മുഖ്യമന്ത്രി അവിടെ പ്രകടിപ്പിച്ചത്.

ഭരണഭാഷ കൂടാതെ കോടതിഭാഷയും മലയാളമാക്കണമെന്ന താൽപ്പര്യം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കു മുഴുവൻ ഒരു ഭാഷ എന്ന പേരിൽ രാജ്യമെങ്ങും ഹിന്ദിയെ അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്ന ഇക്കാലത്ത് പ്രദേശികഭാഷക്കു വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ അടിയുറച്ച നിലപാടിന് വലിയ പ്രസക്തി ഉണ്ട്.

സർക്കാരിന്റെ ഭരണഭാഷാനയത്തിന്റെ അന്തസ്സത്ത മനസ്സിലാക്കാതെയുള്ള പിടിവാശിയാണ് ഇതുവരെ പി എസ് സി പുലർത്തിയത് എന്നു പറയാതെ തരമില്ല.

പരീക്ഷയുടെ മാധ്യമത്തിൽ മാറ്റം വരുത്തുമ്പോൾ അതിനാവശ്യമായ സാങ്കേതികജ്ഞാനം തേടാൻ ശ്രമിക്കാതെയുള്ള അലസതയാണ് പി.എസ്.സി.യുടെ ഭാഗത്തു നിന്നുണ്ടായത്.

ഇത് രണ്ടാഴ്ച നീണ്ടു നിന്ന ഒരു സമരത്തിന് കാരണമായി. “സർക്കാരിന്റെ ഭരണഭാഷാനയം പി.എസ്.സി.യും അംഗീകരിക്കുക” എന്നതായിരുന്ന ഈ സമരത്തിന്റെ മുഖ്യമായ മുദ്രാവാക്യം എന്നത് ഓർക്കുക.

പുരോഗമന കലാസാഹിത്യ സംഘം ഭാഷാഭ്രാന്തന്മാരുടെയോ ഭാഷാശുദ്ധിവാദികളുടേയോ സംഘടനയല്ല. എന്നാൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപംകൊണ്ട സംഘടന എന്ന നിലയിൽ ഭാഷയെ സംബന്ധിച്ച് ഞങ്ങൾക്ക് കൃത്യമായ നിലപാടുണ്ട്.

ഞങ്ങൾ ഇതര ഇന്ത്യൻ ഭാഷകൾക്കോ ഇംഗ്ലീഷിനോ എതിരല്ല. പക്ഷേ ഭരണം നിർവ്വഹിക്കപ്പെടേണ്ടത് ജനങ്ങൾക്ക് കൂടുതൽ അറിവും വശവുമുള്ള അവരുടെ മാതൃഭാഷയിലായിരിക്കണം എന്ന കാര്യത്തിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു.

ജനങ്ങൾ സംസാരിക്കുന്ന ഭാഷ ഭരണഭാഷയാക്കാൻ വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളിലും സംഘം എക്കാലത്തും പങ്കാളിയായിട്ടുണ്ട്.

അതിന്റെ തുടർച്ച എന്ന നിലയിലാണ് മറ്റ് സാംസ്കാരിക സംഘടനകൾക്കൊപ്പം പി.എസ്.സി. ആസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരത്തിൽ ഞങ്ങൾ സജീവമായി പങ്കുകൊണ്ടത്.

ഭരണഭാഷ പി.എസ്.സി.പരീക്ഷകളിൽ ഉൾപ്പെടുത്താൻ വേണ്ടി തലസ്ഥാനത്തും ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമര പ്രക്ഷോഭണങ്ങളിൽ പങ്കുകൊണ്ട മുഴുവൻ സാംസ്കാരിക പ്രവർത്തകരേയും, എം.ടി. മുതൽക്കുള്ള മുഴുവൻ കലാ സാഹിത്യപ്രതിഭകളയും, വിശേഷിച്ചും സത്യഗ്രഹികളേയും സംഘം അഭിവാദ്യം ചെയ്യുന്നു.