ഇന്ത്യന്‍ സാമ്പത്തിക മേഖല പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ തകര്‍ച്ചയിലെന്ന് തുറന്ന് സമ്മതിച്ച് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തി കാന്ത് ദാസ്.

ആദ്യ പാദത്തിലെ ജിഡിപി വളര്‍ച്ച പോലും അഞ്ച് ശതമാനത്തില്‍ ഒതുങ്ങിയത് അപ്രതീക്ഷിതമെന്നും ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ശക്തി കാന്ത് ദാസ് വ്യക്തമാക്കി.

സാമ്പത്തിക തകര്‍ച്ച പരിശോധിക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി അടുത്ത മാസം യോഗം ചേരും.

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് തുറന്ന് സമ്മതിക്കുകയാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തി കാന്ത് ദാസ്.

മാന്ദ്യത്തിനിടയിലും ആദ്യ പാദ ക്വാര്‍ട്ടറില്‍ 5.8 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചത്. 5.5ന് താഴേയ്ക്ക് പോകില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

പക്ഷെ വെറും അഞ്ച് ശതമാനത്തില്‍ പോലും എത്തുന്നില്ല ജിഡിപി.ഇത് തികച്ചും അപ്രതീക്ഷിതം. അടുത്ത പാദ വളര്‍ച്ചയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരില്ലെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ സമ്മതിച്ചു.

പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് നേരിയ തോതില്‍ വില കൂടി. ഇത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യും.

പക്ഷെ സ്വകാര്യമേഖലയുടേതടക്കം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പ്രതിസന്ധി തരണം ചെയ്യാനാകു.

പൊതുമേഖല ബാങ്കുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്രം വേണമെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആവിശ്യപ്പെട്ടു.

നിലവിലെ പ്രതിസന്ധി തുടരുന്നത് ധനകമ്മിയെ ബാധിക്കും. അടുത്ത മാസം ആദ്യയാഴ്ച്ച ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി സാമ്പത്തിക മാന്ദ്യത്തിന്റെ കാരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും.

സൗദ്യ അറേബ്യയിലെ എണ്ണ പാടങ്ങളിലൂണ്ടായ ആക്രമണം രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രത്യാഘ്യാതം വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും ശക്തി കാന്ത് ദാസ് ചൂണ്ടി കാട്ടി. ഇതാദ്യമായാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യത്തെകുറിച്ച് സംസാരിക്കുന്നത്.