ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദിയിലെ എണ്ണ ഉല്‍പ്പാദനം പകുതിയോളം നിലച്ചതോടെ ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നു. വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോള്‍ ബാരലിന് 60.25 ഡോളറായിരുന്നു വില. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചതുതന്നെ 66.45 ഡോളറിലാണ്. ഉടന്‍ 71.95 ലേക്ക് ഉയര്‍ന്നു.

തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 66.66 ഡോളറിലേക്ക് കുറഞ്ഞെങ്കിലും ഒറ്റദിവസംകൊണ്ട് ബാരലിന് 6.41 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി. 10.64 ശതമാനത്തിന്റെ വര്‍ധന. തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ 1991 ലെ ഗള്‍ഫ് യുദ്ധ കാലത്തിന് സമാനമായ വര്‍ധനയാണ് എണ്ണവിലയിലുണ്ടായത്. ബ്രെന്റ് ക്രൂഡോയില്‍ വില 12 ഡോളറോളം വര്‍ധിച്ച് ബാരലിന് 71.95 ഡോളറിലെത്തി.

ആഭ്യന്തരവിപണിയിലും വൈകാതെ പെട്രോള്‍ — ഡീസല്‍ വില വര്‍ധനയുണ്ടാകും. ഇന്ധന വിലവര്‍ധന രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കും. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരും. ക്രൂഡോയില്‍ ഇറക്കുമതിച്ചെലവില്‍ മാത്രം അറുപതിനായിരം കോടി രൂപ മുതല്‍ ഒരു ലക്ഷം കോടി രൂപവരെ വര്‍ധനയുണ്ടാകും.

ഡോളര്‍ ആവശ്യകത വര്‍ധിക്കുന്നതോടെ രൂപ കൂടുതല്‍ ദുര്‍ബലപ്പെടും. നിക്ഷേപത്തിലുള്ള ഡോളര്‍ വരവ് കുറയുന്നതോടെ ഇന്ത്യയിലെ നിക്ഷേപം വിദേശനിക്ഷേപകര്‍ക്ക് അനാകര്‍ഷമാകും. ക്രൂഡോയിലിന്റെ ഉപോല്‍പ്പന്നങ്ങളെ ആശ്രയിച്ചുള്ള പെയിന്റ്, ടയര്‍, എണ്ണ– വാതകം, വിമാനകമ്പനികള്‍, വാഹന അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയവ പ്രതിസന്ധിയിലാകും.

അതേസമയം ഇന്ത്യന്‍ എണ്ണകമ്പനികള്‍ക്ക് നല്‍കിവരുന്ന ക്രൂഡോയിലിന്റെ അളവില്‍ വെട്ടിക്കുറവ് വരുത്തില്ലെന്ന് സൗദി ആരാംകോ കമ്പനി അറിയിച്ചതായി പെട്രോളിയം മന്ത്രാലയം വക്താവ് പറഞ്ഞു.