
മുലായം സിങ്ങിനോട് ഇ കെ നായനാര്‍ കുസൃതിനിറഞ്ഞ രീതിയില്‍ മധുരപ്രതികാരം വീട്ടിയതെങ്ങനെ. ഭാഷാവിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആ പഴയ കഥ എഴുതുന്നു ജോണ്‍ ബ്രിട്ടാസ്.
മുലായം സിങ് ഇന്നും ഓര്‍ക്കാനിടയുള്ള ആ സംഭവം ഇങ്ങനെ:
‘രാഷ്ട്രീയ ഗ്രഹണകാലമാണെങ്കിലും വന്ദ്യവയോധികനായ മുലായംസിങ് യാദവ് ഇന്നും മറക്കാത്ത ഒരു കത്തുണ്ട്. നമ്മുടെ സ്വന്തം ഇ കെ നായനാര്‍ മലയാളത്തില്‍ അയച്ചു കൊടുത്ത കത്താണത്. 90കളില്‍ ഇരുവരും യഥാക്രമം ഉത്തര്‍പ്രദേശിലെയും കേരളത്തിലെയും മുഖ്യമന്ത്രിമാരായിരുന്നു.
ഹിന്ദിയോട് അമിത കൂറുണ്ടായിരുന്ന മുലായം ഇ കെ നായനാര്‍ക്ക് അയച്ച കത്തിന്റെ ഭാഷ ഹിന്ദിയിലാക്കി. ഇ കെ നായനാര്‍ അതേ നാണയത്തില്‍ മുലായംസിങ്ങിന് തിരിച്ചുകൊടുക്കുകയും ചെയ്തു മലയാളത്തില്‍ ഭംഗിയായ ഒരു മറുപടി. ഹിന്ദിയെ ദേശീയ ഭാഷയാക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ നായനാരുടെ കത്ത് പോലുള്ള ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ശരാശരി മലയാളി അയവിറക്കുന്നുണ്ടാകും.’
ഭാഷാ പ്രശ്‌നത്തിലേയ്ക്ക് സ്വന്തം ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജോണ്‍ ബ്രിട്ടാസ് കടക്കുന്നത്:
’80കളുടെ അന്ത്യത്തിലാണ് ഡല്‍ഹിയില്‍ എത്തിയത്. മലയാളിയെ ഉത്തരേന്ത്യക്കാര്‍ പൊതുവേ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സംജ്ഞയായ ‘മദ്രാസി’ കേട്ട് ആദ്യമൊക്കെ അന്ധാളിച്ചിരുന്നു. പലപ്പോഴും ‘മദ്രാസി’ക്കുമുമ്പ് സാലേ എന്ന പദവും ധാരാളം കേട്ടിട്ടുണ്ട്.
‘അക്കാലത്ത് സിനിമയ്ക്ക് പുറമെ ഉള്ള പ്രധാന വിനോദം ദൂരദര്‍ശനില്‍ വരുന്ന സ്റ്റീരിയോ ടൈപ്പ് സീരിയലുകള്‍ ആയിരുന്നു. അതില്‍ മുടങ്ങാതെ ഉണ്ടായിരുന്ന കോമാളി കഥാപാത്രം പ്രത്യേക രീതിയില്‍ ഹിന്ദി സംസാരിക്കുന്ന മലയാളിയോ തമിഴനോ ആയിരുന്നു. മിക്കവാറും സീരിയലുകളില്‍ ഈ കോമാളി വീട്ടിലെ കുശിനിക്കാരനായിരിക്കും. ദക്ഷിണേന്ത്യക്കാരെ സ്റ്റീരിയോ ടൈപ്പ് ചെയ്യാന്‍ നമ്മുടെ ദേശീയ ബ്രോഡ്കാസ്റ്റര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്ന കാലമാണ്.
‘ആ കാലമൊക്കെ പോയ്മറഞ്ഞു എന്ന് ഇന്ന് ഡല്‍ഹിയില്‍ പോകുന്നവര്‍ക്ക് അറിയാം. എങ്കിലും ചെറുതല്ലാത്ത സുരക്ഷിതത്വക്കുറവും മതന്യൂനപക്ഷങ്ങള്‍ക്ക് പുറമെ ഭാഷാന്യൂനപക്ഷങ്ങളും ഇന്നും നേരിടുന്നുണ്ട്’. ‘ദേശാഭിമാനി’ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ജോണ്‍ ബ്രിട്ടാസ് ഓര്‍മ്മകള്‍ പങ്കു വയ്ക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here