മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പ്പര്യമറിയിച്ചെത്തിയ കമ്പനികളുടെ പട്ടിക തയ്യാറായി. മരട് നഗരസഭയെ സമീപിച്ച 13 കമ്പനികളുടെ പട്ടിക ഇന്ന് സര്‍ക്കാരിന് കൈമാറും.അതേ സമയം ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി പുനരധിവാസം ആവശ്യമുള്ളവരുടെ അപേക്ഷ സ്വീകരിക്കുന്നതിനുള്ള കാലപരിധി ഇന്നവസാനിക്കും.

ഫ്‌ലാറ്റ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് മുന്നോടിയായി ഇന്നലെയാണ് മരട് നഗരസഭാ സെക്രട്ടറി ഫ്‌ലാറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിച്ചത്. പുനരധിവാസം ആവശ്യമുള്ളവര്‍ ചൊവ്വാഴ്ച്ച മൂന്ന് മണിക്കുമുമ്പായി അപേക്ഷ നല്‍കണമെന്നായിരുന്നു മുന്നറിയിപ്പ്. നോട്ടീസ് പതിക്കാനെത്തിയപ്പോള്‍ സെക്രട്ടറിക്കെതിരെ ഹോളിഫെയ്ത്ത് ഫ്‌ലാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധിച്ചിരുന്നു.

പുനരധിവാസത്തിന് അപേക്ഷ നല്‍കേണ്ടതില്ലെന്നാണ് ഫ്‌ലാറ്റുടമകളുടെ നിലപാട്. അതേസമയം ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ താല്പ്പര്യമറിയിച്ച് 13 കമ്പനികള്‍ മരട് നഗരസഭയെ സമപിച്ചിട്ടുണ്ട്. നഗരസഭ താല്‍പ്പര്യ പത്രം ക്ഷണിച്ചതനുസരിച്ചാണ് കമ്പനികള്‍ ഫ്‌ലാറ്റ് പൊളിക്കാന്‍ തയ്യാറായി എത്തിയിരിക്കുന്നത്.

ചെന്നൈ, ഹൈദരാബാദ്, ബംഗലുരു തുടങ്ങി കേരളത്തിന് പുറത്തുനിന്നുള്ള കമ്പനികളാണ് താല്പ്പര്യമറിയിച്ചെത്തിയിരിക്കുന്നത്.ഇവരുടെ പട്ടിക നഗരസഭ ഇന്ന് സര്‍ക്കാരിന് കൈമാറും. ഐഐടിയില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം പരിശോധിച്ച ശേഷമായിരിക്കും ഇവരില്‍ നിന്ന് ആരെയാണ് ഫ്‌ലാറ്റ് പൊളിക്കാന്‍ തെരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കുക.