ഓണാഘോഷത്തിന്റെ ഭാഗമായി മഴയുത്സവം സംഘടിപ്പിച്ച് കണ്ണൂരിലെ ഊര്‍പ്പള്ളി ഗ്രാമം. ചളിപ്പാടത്ത് നടന്ന വടംവലി, ഓണത്തല്ല്, ഫുട്‌ബോള്‍ തുടങ്ങിയ മത്സരങ്ങള്‍ ആവേശക്കാഴ്ചയായി.ദേശീയ വോളി താരം കിഷോര്‍ കുമാറും മത്സരങ്ങള്‍ക്ക് ആവേശം പകരാന്‍ കളത്തിലിറങ്ങി.

നാട്ടൊരുമയുടെ നന്മയുമായി ഊര്‍പ്പള്ളി ഗ്രാമ വാസികള്‍ വീണ്ടുമൊരു മഴയുത്സവം കൊണ്ടാടി.ആവേശം വിതറിയ കുട്ടികളുടെ ഓണത്തല്ലോട് കൂടിയായിരുന്നു ഇത്തവണത്തെ മഴയുത്സവത്തിന്റെ തുടക്കം. തുടര്‍ന്ന് ചളിപ്പാടത്ത് കയ്യൂക്കുള്ളവര്‍ കയ്യും മെയ്യും മറന്ന് പോരാടിയ വടംവലി മത്സരം.

നാടിന്റെ ആഘോഷം പകര്‍ത്താനെത്തിയ ദൃശ്യ മാധ്യമ പ്രവര്‍ത്തകരും കാല്‍പ്പന്തു കളിയില്‍ ഒരു കൈ നോക്കാന്‍ ചളിയിലിറങ്ങി. എതിരാളികളായി ദേശീയ വോളി താരം കിഷോര്‍ കുമാറിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബും കളത്തിലിറങ്ങി.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് ഊര്‍പ്പള്ളി മഴയുത്സവം ഉദ്ഘാടനം ചെയ്തത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സേവ് ഊര്‍പ്പള്ളി, കൂത്തുപറമ്പ് ജന മൈത്രി പോലീസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു മഴയുത്സവം