പ്രളയക്കെടുതിയെതുടര്‍ന്ന് സംസ്ഥാനം കേന്ദ്രത്തിന്റെ സഹായം തേടി. 2101.9 കോടി രൂപയുടെ സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടാവശ്യപ്പെട്ടിരിക്കുന്നത്. നാശനഷ്ടം സംബന്ധിച്ച മെമ്മോറാണ്ടം സംസ്ഥാനം കേന്ദ്രത്തിന് കൈമാറി. പ്രളയക്കെടുതിയുടെ ആഘാതം മനസ്സിലാക്കാന്‍ കൊച്ചിയിലെത്തിയ കേന്ദ്ര സംഘത്തിനാണ് മെമ്മോറാണ്ടം സമര്‍പ്പിച്ചത്.

ഈ വര്‍ഷത്തെ പ്രളയത്തിലും ഉരുള്‍പൊട്ടലിലുമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനാണ് കേന്ദ്ര സംഘം കൊച്ചിയിലെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് കൊച്ചിയിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ദുരിതാശ്വാസ കമ്മീഷണര്‍ ഡോ:വി. വേണു 2101.9 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച മെമ്മോറാണ്ടം കേന്ദ്ര സംഘത്തിന് സമര്‍പ്പിച്ചു. ശരിയായ നാശനഷ്ടം ഇതിലും പതിന്മടങ്ങ് വരുമെങ്കിലും, കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള മെമ്മോറാണ്ടമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്.

അടുത്തടുത്ത വര്‍ഷങ്ങളില്‍ അതിതീവ്ര മഴ മൂലമുള്ള ദുരന്തം 68 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കേരളം നേരിടുന്നത് എന്ന് ദുരന്ത നിവാരണ അതോറിറ്റി കേന്ദ്ര സംഘത്തെ അറിയിച്ചു. ഈ സാഹചര്യത്തില്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ ഈവര്‍ഷത്തെ മെമ്മോറാണ്ടത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നും കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടു.

കവളപാറയിലെയും പുതുമലയിലെയും രണ്ട് വലിയ ഉരുള്‍ പൊട്ടലില്‍ കേരളത്തിന് നഷ്ടമായത് 76 ജീവനുകളാണ്. 31000 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു.ജലസേചന മേഖലയില്‍ 116കോടിയുടെ നഷ്ട്ടവും, വൈദ്യുത മേഖലയില്‍ 103 കോടി രൂപയുടെ നഷ്ട്ടവും, പൊതുമരാമത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കും 205കോടിയുടെയും, തദ്ദേശ സ്ഥാപങ്ങളുടെ കീഴിലുള്ള നിര്‍മ്മിതികള്‍ക്ക് 170 കോടി രൂപയുടെയും നഷ്ട്ടമുണ്ടായി.

അടിയന്തിര സഹായമായി 316 കോടി രൂപയും, ക്യാമ്പുകളുടെയും മറ്റും നടത്തിപ്പിന് 265 കോടി രൂപയും, വീടുകളുടെ നാശനഷ്ടത്തിന് 748 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടത്തിലൂടെ ആവശ്യപ്പെട്ടു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര സംഘം 20 ന് തിരുവന്തപുരത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷം മടങ്ങും.