പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് മൂന്ന് നാള്‍ മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് ഇടത് മുന്നണി. മന്ത്രിമാരും സംസ്ഥാന നേതാക്കളുമാണ് പ്രചാരണത്തിന് മുന്‍നിരയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മണ്ഡലത്തിലെത്തും. അവസാനവട്ട മണ്ഡല പര്യടനത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.

അനൗണ്‍സ്മെന്റ് വാഹനങ്ങള്‍, കലാപരിപാടികള്‍, കുടുംബയോഗങ്ങള്‍, കണ്‍വെന്‍ഷനുകള്‍, വാഹനപര്യടനം തുടങ്ങി തിരഞ്ഞെടുപ്പുപ്രചാരണം പാലായില്‍ ഉച്ഛസ്ഥായിയിലാണ്. പരസ്യപ്രചാരണത്തിന് എണ്ണപ്പെട്ട നാളുകള്‍ മാത്രമായതോടെ നേതാക്കളുടെ സാന്നിധ്യമാണ് മണ്ഡലത്തിലെങ്ങും.

ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ മന്ത്രിമാരുടെ നിര തന്നെയുണ്ട്. മന്ത്രിമാരായ ജി സുധാകരന്‍, ഇ പി ജയരാജന്‍, മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ഡോ. തോമസ് ഐസക്, കെടി ജലീല്‍ എന്നിവരാണ് ഇന്ന് പ്രചാരണത്തിനെത്തുക. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി എത്തുന്നതോടെ ഇടത് ക്യാമ്പ് കൂടുതല്‍ സജീവമാകും. സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ഇന്ന് രാമപുരം, കരൂര്‍ പഞ്ചായത്തുകളിലാണ് വോട്ടര്‍മാരെ കാണുന്നത്.