കവളപ്പാറയെ ചേര്‍ത്ത് പിടിച്ചവര്‍ക്ക് നന്ദി: സര്‍ക്കാര്‍ധനസഹായം അക്കൗണ്ടിലെത്തി; അച്ഛനും അമ്മയും നഷ്ടമായ ദുഃഖത്തിലും സര്‍ക്കാര്‍ ധനസഹായത്തില്‍ നിന്നും ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സുമോദ്

തിരുവനന്തപുരം: കവളപ്പാറ മണ്ണിടിച്ചിലില്‍ സ്വത്തും ജീവനും നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കി സംസ്ഥാന സര്‍ക്കാര്‍. കവളപ്പാറയിലെ ജനങ്ങള്‍ക്ക് പ്രഖ്യാപിച്ച ധനസഹായം തങ്ങളുടെ അക്കൗണ്ടില്‍ എത്തിയെന്ന് ദുരന്തത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട സുമോദ് അറിയിച്ചു.

സുമോദിന്റെ വാക്കുകള്‍:

ഇന്ന് ഞങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ സര്‍ക്കാര്‍ ധനസഹായമെത്തി.
അഛനും അമ്മക്കും പകരം വെക്കാന്‍ മറ്റൊന്നിനുമാവില്ല.

ദുരന്തഭൂമിയായ കവളപ്പാറയെ ഏറ്റെടുത്ത കേരളത്തിലെ നന്മ നിറഞ്ഞ സമൂഹത്തെ എങ്ങിനെ മറക്കും ഞാന്‍. ഞങ്ങള്‍ക്ക് കിട്ടിയ സഹായ ധനത്തില്‍ നിന്നും ഒരു തുക ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ് നിധിയിലേക്ക് മാറ്റി വക്കുകയാണ്.

അനുജന്‍ സുമേഷും പെങ്ങള്‍ സുമിതയുമായും ആലോചിച്ചെടുത്ത തീരുമാനം. ഞങ്ങളുടെ എളിയ പങ്ക് കൊണ്ട് ഒന്നുമാകില്ലെന്നറിയാം. എന്നാലും സ്‌നേഹം വഴിത്തൊഴുകുന്ന മലയാള നാടിന് ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെന്തിനീ ജീവിതം…
അന്യ നാട്ടിലിരിക്കുമ്പോഴേ സ്വന്തം നാടിന്റെ വിലയറിയൂ .
ഞാനിപ്പോള്‍ ബാംഗ്ലൂരിലിരുന്നാണീ കുറിപ്പെഴുതുന്നത്.

കവളപ്പാറയിലെ മുത്തപ്പന്‍മല കവര്‍ന്നത് 59 മനുഷ്യജീവിതങ്ങള്‍. ചെതുപ്പിനുള്ളില്‍ എന്റെ അച്ചന്റെയും അമ്മയുടെയും ജീവനറ്റ ശരീരങ്ങള്‍ കണ്ട കാഴ്ചയുടെ നോവ് മായുന്ന പുലരിയിനി ഞങ്ങളിലുണ്ടാവില്ലെന്നുറപ്പാണ്. എന്റെ മാത്രം നോവല്ലിത്. ഒരു നാടിന്റെ ഉള്ളം പൊട്ടിയൊഴുകുന്ന നിലക്കാത്ത തേങ്ങലാണ്.ആഗസ്റ്റ് 8 ന്റെ ദുരന്തം പെയ്തിറങ്ങിയ രാത്രിക്ക് ശേഷം 38 രാത്രികള്‍ ഞങ്ങള്‍ പിന്നിട്ടു.ഇക്കാലയളവില്‍ ഒരായുസ്സിന്റെ പുണ്യമെന്നോണം നാടിന്റെ നാനാ ഭാഗത്ത് നിന്നും സഹായവും സാന്ത്വനവും പകര്‍ന്ന സ്‌നേഹപ്രവാഹം ഇന്നും നിലച്ചിട്ടില്ല…

ആരോടൊക്കെ എങ്ങിനെയൊക്കെ നന്ദി പ്രകാശിപ്പിക്കണം എന്നെനിക്കറിയില്ല. എന്നാലും നിറഞ്ഞ സന്തോഷത്തോടെ ഒറ്റവാക്കില്‍ പറയട്ടെ നന്ദി…. ഒരായിരം നന്ദി. സര്‍ക്കാരിനോട്, ഉദ്യോഗസ്ഥരോട്, നാട്ടുകാരോട്. ….. …. ഇനിയും നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ….

സുമോദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here