കുറഞ്ഞ വിലയില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള സ്‌കൂട്ടര്‍ അവതരിപ്പിച്ച് ടിവിഎസ്. ടിവിഎസ് ജുപ്പീറ്ററിന്റെ വകഭേദമായ ജുപ്പീറ്റര്‍ ഗ്രാന്‍ഡെ വിപണിയില്‍ തിരിച്ചെത്തി. ബ്ലൂടൂത്ത് കണക്ടിവിറ്റിയും പുത്തന്‍ നിറക്കൂട്ടുമൊക്കെയായയിയാണ് ജുപ്പീറ്റര്‍ ഗ്രാന്‍ഡെ തിരിച്ചെത്തിയിരിക്കുന്നത്. ദീപാവലി, നവരാത്രി ഉത്സവ നാളുകളില്‍ വിപണി കീഴടക്കാനാണ് ജൂപ്പിറ്റര്‍ എത്തുന്നത്.

പഴയതില്‍നിന്നും തീര്‍ത്തും വ്യത്യസ്ഥമായി ഇത്തവണ ഡിസ്‌ക് ബ്രേക്കോടെ മാത്രമാണു ‘ജുപ്പീറ്റര്‍ ഗ്രാന്‍ഡെ’ ലഭ്യമാവുക. ടി വി എസ് ‘ജൂപ്പീറ്റര്‍ ഗ്രാന്‍ഡെ ഡിസ്‌ക് എസ് ബി ടി’യെ അപേക്ഷിച്ച് 2,446 രൂപയും ‘ജുപ്പീറ്റര്‍’ അടിസ്ഥാന വകഭേദത്തെ അപേക്ഷിച്ച് 8,855 രൂപയും അധികമാണു പുത്തന്‍ ഗ്രാന്‍ഡെയുടെ വില.

സ്‌കൂട്ടറിന്റെ പ്രധാന ആകര്‍ഷണം ബ്ലൂടൂത്ത് അധിഷ്ഠിത ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ്. സ്‌കൂട്ടറിലെ ബ്ലൂടൂത്ത് അധിഷ്ഠിത സംവിധാനം പ്രവര്‍ത്തിപ്പിക്കേണ്ടത് മൊബൈല്‍ ഫോണില്‍ ‘ടി വി എസ് കണക്ട്’ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താണ്. 110 സി സി വിഭാഗത്തില്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാവുന്ന ആദ്യ സ്‌കൂട്ടറെന്ന പെരുമയും ‘ജുപ്പീറ്റര്‍ ഗ്രാന്‍ഡെ’യ്ക്കു തന്നെ.

ഇരട്ട വര്‍ണമുള്ള, എംബോസ് ചെയ്ത ലോഗോ സഹിതമാണു പുതു ‘ഗ്രാന്‍ഡെ’യുടെ വരവ്.
സ്‌കൂട്ടറിനു കരുത്തേകാന്‍ 109.7 സി സി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുമുണ്ട്. എട്ടു ബിഎച്ച്പിയോളം കരുത്തും 8.4 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 62,436 രൂപയാണ് ജുപ്പീറ്റര്‍ ഗ്രാന്‍ഡെയുടെ ഷോറൂം വില.