മരട് ഫ്‌ലാറ്റ് പൊളിക്കല്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുതിയ റിട്ട് ഹര്‍ജി. ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതം പഠിക്കണം എന്നാവശ്യപ്പെട്ട്മ മരട് സ്വദേശി ആണ് ഹര്‍ജി നല്‍കിയത്. ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുമെന്ന് ഭയക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു. പാരിസ്ഥിതിക ആഘാതത്തിന് കെട്ടിട നിര്മാതാക്കളില്‍ നിന്ന് പിഴ ഈടാക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ 5 അപ്പാര്‍ട്‌മെന്റുകള്‍ക്ക് സമീപം താമസിക്കുന്ന മരട് സ്വദേശി അഭിലാഷ്എന്‍. ജി. എന്നയാളാണ് റിട്ട് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള നടപടികള്‍ ആരംഭിച്ചത് പാരിസ്ഥിതിക ആഘാത പഠനം നടത്താതെയാണ്. ഇക്കാര്യം പരിഗണിച്ച് പാരിസ്ഥിതിക ആഘാത പഠനത്തിന് സുപ്രീംകോടതി ഉത്തരവിടണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഫ്‌ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന ആളുകളുടെ ആശങ്ക പരിഹരിക്കാന്‍ തയ്യാറാകാതെയാണ് പൊളിച്ചു നീക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നത്. ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുമെന്ന് ഭയക്കുന്നു. ഒഴിഞ്ഞു പോകാന്‍ സമീപവാസികള്‍ക്ക് നോടീസ് നല്‍കിയില്ല. ഫ്‌ലാറ്റുകളുടെ സമീപത്ത് ഉളളവര്‍ക്ക് പുനരധിവാസം സംബന്ധിച്ച ഒരു ഉറപ്പും ലഭിച്ചിട്ടില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തിന് കെട്ടിട നിര്‍മാതാക്കളില്‍ നിന്ന് പിഴ ഈടാക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരട് വിഷയത്തില്‍ പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്നാണ് ജുഡീഷ്യല്‍ ഉത്തരവ്. എന്നാല്‍ ഇത് സംബന്ധിച്ച നിയമ തടസങ്ങള്‍ നീക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി സുപ്രീംകോടതി രജിസ്ട്രി സ്വീകരിക്കുകയും ഡയറി നമ്പര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.