നടി ആക്രമിക്കപ്പെട്ട കേസ്: പ്രതിക്ക് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍

നടിയെ അക്രമിച്ച കേസിലെ ദൃശ്യങ്ങൾ രേഖയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. രേഖയാണെങ്കിലും നടിയുടെ സ്വകാര്യത മാനിച്ച് ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്നും സർക്കാർ ആവശ്യപ്പെട്ടു.

ദൃശ്യങ്ങൾ നൽകുന്നതിനെ നടിയും എതിർത്തു. ദൃശ്യങ്ങൾ കൃത്രിമം ആണെന്ന് തെളിയിക്കാൻ പകർപ്പ് ആവശ്യമാണെന്നായിരുന്നു ദിലീപിന്റെ വാദം. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി വിധി പറയാനായി മാറ്റി.

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിനകത്തുള്ള ദൃശ്യങ്ങൾ രേഖയാണോ തൊണ്ടി മുതൽ ആണോ എന്ന് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു.

മെമ്മറി കാർഡ് തൊണ്ടി മുതൽ ആണെന്നും എന്നാൽ അതിനകത്തെ ദൃശ്യങ്ങൾ രേഖയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

രേഖ ആണെങ്കിൽ പോലും ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത് എന്നും സർക്കാർ ആവശ്യപ്പെട്ടു. നടിയുടെ സ്വകാര്യത മാനിക്കാൻ തയ്യാറാകണമെന്നായിരുന്നു സർക്കാർ വാദം.

ദൃശ്യങ്ങൾ നൽകുന്നതിനെ എതിർത്ത നടി സ്വകാര്യത മൗലികാവകാശം ആണെന്ന വിധിയുടെ പരിരക്ഷ ലഭിക്കണം എന്നും കോടതിയിൽ ആവശ്യപ്പെട്ടു.

ദൃശ്യങ്ങൾ നൽകാൻ തീരുമാനിച്ചാൽ അത് ഗുരുതര പ്രത്യഘാതം സൃഷ്ടിക്കും.സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിപ്പിക്കപ്പെടും.

കുട്ടികൾക്കെതിരായ ലൈംഗിക പീഡന കേസുകളിൽ അടക്കം ഇത് ബാധകം ആകാൻ ഇടയുണ്ട് എന്നും നടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

ദൃശ്യങ്ങൾ രേഖ ആയതിനാൽ തന്നെ ആരോപണ വിധേയനായ തനിക്ക് അത് ലഭിക്കാൻ അവകാശം ഉണ്ട് എന്നായിരുന്നു ദിലീപിന്റെ വാദം.

ദൃശ്യങ്ങൾ കൃത്രിമം ആണ്. അതിനാൽ സ്വന്തം നിലയിൽ ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കേണ്ടതുണ്ട് എന്നും ദിലീപിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു.

ഹർജി പരിഗണിക്കവേ രേഖകൾ കിട്ടാതെ പ്രതിക്ക് എങ്ങനെ നിരപരാധിത്വം തെളിയിക്കാൻ ആകും എന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് ചോദിക്കുകയുണ്ടായി.

മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി വിധി പറയാനായി മാറ്റിയ സുപ്രീംകോടതി കേസിൽ കക്ഷികൾക്ക് വാദങ്ങൾ എഴുതി നൽകാനും അനുമതി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here