ടെക്സാസില്‍ നിന്നും അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പുഴയില്‍ നീന്തിക്കുളിക്കുന്നതിനിടെ, അപകടകാരിയായ തലച്ചോറിനെ മാരകമായി ബാധിക്കുന്ന അമീബ, പത്തുവയസുകാരിയുടെ തലച്ചോറില്‍ ബാധിക്കുകയായിരുന്നു. തുടര്‍ന്ന് പത്തുവയസ്സുകാരി ലിലി അവാന്റ് മരിച്ചു.
സെപ്റ്റംബര്‍ രണ്ടാം തീയതിയാണ് പുഴയില്‍ നീന്തിക്കുളിക്കുന്നതിനിടെ അമീബ ബാധയുണ്ടായത്. പ്രൈമറി അമീബിക് മെനിഞ്ചോഎന്‍സഫലൈറ്റിസ് എന്ന അസുഖമാണ് പെണ്‍കുട്ടിയെ ബാധിച്ചതെന്നും 97 ശതമാനം മരണനിരക്കുള്ള രോഗത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു തങ്ങളെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അവധിക്കു വാക്കോ നഗരത്തിനടുത്തെ ബോസ്‌ക് കൗണ്ടിയിലെ വിറ്റ്നി തടാകത്തിലും ബ്രാസോസ് പുഴയിലും ലിലി അവാന്റ് നീന്തിക്കുളിച്ചിരുന്നു. അവിടെവെച്ച് മൂക്കിലൂടെയാകും അമീബ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് നിഗമനം.
സെപ്റ്റംബര്‍ എട്ടാം തീയതി രാത്രിയോടെ പെണ്‍കുട്ടിക്ക് കടുത്ത തലവേദനയും പനിയും ആരംഭിക്കുകയും വൈറല്‍ പനിയാണെന്ന ധാരണയില്‍ ചികിത്സ ആരംഭിക്കുകയുമായിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്നാണ് അമീബ ബാധ ശ്രദ്ധയില്‍പെട്ടത്. നെയ്ഗ്ലേറിയ ഫൗലേറി അമീബ ബാധയുണ്ടായ ഏതാനും പേരെ മാത്രമേ ഇതുവരെ രക്ഷിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
നെയ്ഗ്ലേറിയ ഫൗലേറി അമീബ ബാധ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുകയും വൈകാതെ തന്നെ മരണം സംഭവിക്കുകയും ചെയ്യും. പെണ്‍കുട്ടിക്കു മരുന്ന് നല്‍കി കോമ സ്റ്റേജിലാക്കിയാണ് ചികിത്സ പോലും നടത്തിയിരുന്നത്.

Get real time update about this post categories directly on your device, subscribe now.