കെ കരുണാകരൻ ട്രസ്റ്റ് ആശുപത്രി പണിത വകയിൽ ചെറുപുഴയിലെ കരാറുകാരൻ ജോസഫിന് നൽകാനുള്ള തുകയുടെ ആദ്യ ഗഡു കുടുംബത്തിന് കൈമാറി.

ജോസഫിന്റെ ദുരൂഹ മരണത്തെ തുടർന്ന് പ്രതിഷേധം ശക്തമായ സഹചര്യത്തിലാണ് കെ പി സി സി ഇടപെട്ട് ആദ്യ ഗഡു 60 ലക്ഷം രൂപ കൈമാറിയത്.

അതെ സമയം ആരോപണ വിധേയനായ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് കെ പി സി സി സമിതി കണ്ടെത്തി.

കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ആശുപത്രി കെട്ടിടം പണിത വകയിൽ ഒരു കോടി 34 ലക്ഷം രൂപയാണ് കരാറുകാരൻ ജോസഫിന് നൽനുള്ളത്.

ഇതിൽ 60 ലക്ഷം രൂപയാണ് ആദ്യ ഗഡുവായി കുടുംബത്തിന് കൈമാറിയത്.ജോസെഫിന്റെ ദുരൂഹ മരണത്തെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കെപിസിസി ഇടപെട്ട് പണം നൽകിയത്.

ജോസഫിന്റെ കുടുംബത്തിന്റെ മുഴുവൻ ബാധ്യതയും ഉടൻ കൊടുത്ത് തീർക്കുമെന്നും കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.

അതെ സമയം കെ കരുണാകരൻ ട്രസ്റ്റിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിച്ച കെ പി സി സി സമിതി തെളിവെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കി.

ആരോപണ വിധേയനായ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് സമിതിയുടെ കണ്ടെത്തൽ.

കൃത്യ വിലോപത്തിന്റെ വ്യാപ്തിക്ക് അനുസരിച്ചുള്ള നടപടിക്ക് ശുപാർശ ചെയ്യുമെന്ന് സമിതി അംഗം കെ പി അനിൽകുമാർ വ്യക്തമാക്കി.

ചെറുപുഴ സംഭവം പാർട്ടിക്ക് പൊതുജന മധ്യത്തിൽ അവമതിപ്പുണ്ടാക്കി എന്നാണ് കെ പി സി സി സമിതി റിപ്പോർട്ടിൽ പറയുന്നത്.

അതെ സമയം ജോസഫിന്റ മരണം അന്വേഷിക്കുന്ന തളിപ്പറമ്പ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആരോപണ വിധേയനായ കോൺഗ്രസ്സ് നേതാക്കളിൽ നിന്നും വെള്ളിയാഴ്ച വീണ്ടും മൊഴിയെടുക്കും.