പാലാരിവട്ടം: കരാറുകാരന് നിയമ വിരുദ്ധമായി പണം നല്‍കിയത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദേശപ്രകാരം: ടിഒ സൂരജ്‌

കൊച്ചി: പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ മുൻ പൊതുമരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ വ്യക്തമാക്കി മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജിന്റെ വെളിപ്പെടുത്തൽ.

മൊബിലൈസേഷൻ അഡ്വാൻസ്‌ എന്ന പേരിൽ നിയമവിരുദ്ധമായി കരാറുകാരന്‌ 8.25 കോടി രൂപ മുൻകൂർ അനുവദിക്കാൻ ഉത്തരവിട്ടത്‌ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞാണെന്നാണ്‌ സൂരജിന്റെ വെളിപ്പെടുത്തൽ.

ചൊവ്വാഴ്‌ച ഹൈക്കോടതി ടി ഒ സൂരജിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ്‌ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഹർജി ബുധനാഴ്‌ച ജസ്‌റ്റിസ്‌ പി ഉബൈദ്‌ പരിഗണിക്കും.

പാലം നിർമാണത്തിൽ അഴിമതിയുണ്ടായിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥരാണ്‌ ഉത്തരവാദികളെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം.

പാലംപണി തടസ്സമില്ലാതെ നടത്താൻ മൊബിലൈസേഷൻ അഡ്വാൻസ്‌ ആവശ്യപ്പെട്ട്‌ കരാറുകാരനായ ആർഡിഎസ്‌ പ്രോജക്‌ട്‌സിന്റെ എംഡി സുമിത്‌ ഗോയൽ അപേക്ഷ നൽകിയതായി സൂരജ്‌ പറയുന്നു.

പൊതുമരാമത്ത്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നിവർക്കും അപേക്ഷ നൽകിയതായി കരാറുകാരൻ പറഞ്ഞു.

അത്‌ മേൽനടപടിക്കായി പൊതുമരാമത്ത്‌ മന്ത്രിക്ക്‌ അയച്ചു. തുടർന്ന്‌ കരാറുകാരന്‌ പലിശയില്ലാതെ 8,25,59,768 രൂപ മൊബിലിറ്റി അഡ്വാൻസായി അനുവദിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.

ഇതിൽ കരാറുകാരനിൽനിന്ന്‌ പലിശ ഈടാക്കണമെന്ന നിർദേശമില്ലായിരുന്നുവെന്നും സൂരജ്‌ വ്യക്തമാക്കുന്നു. താനാണ്‌ ഏഴു ശതമാനം പലിശ ഈടാക്കാൻ തീരുമാനിച്ചത്‌.

സേവിങ്സ്‌ നിക്ഷേപങ്ങൾക്ക്‌ ഈടാക്കുന്ന ബാങ്ക്‌ പലിശയേക്കാൾ രണ്ടു ശതമാനം കൂടുതലായിരുന്നു ഇത്‌. കരാറുകാരൻ സമർപ്പിച്ച ആദ്യ നാലു ബില്ലുകളിൽനിന്നായി ഏഴു ശതമാനം പലിശയോടെ മൊബിലിറ്റി അഡ്വാൻസ്‌ മുഴുവൻ തിരിച്ചുപിടിച്ചു.

കേരള റോഡ്‌ ഫണ്ട്‌ ഡെവലപ്‌മെന്റ്‌ ബോർഡ്‌ (കെഎഫ്‌ആർബി) സ്‌റ്റേറ്റ്‌ ബാങ്ക്‌ വഴി നൽകുന്ന പണത്തിന്‌ അഞ്ചു ശതമാനം മാത്രമാണ്‌ പലിശ.

താൻ താൽപ്പര്യമെടുത്തതുകൊണ്ടാണ്‌ രണ്ടു ശതമാനം അധികം ഈടാക്കാനായതെന്നും സൂരജ്‌ പറയുന്നു. അതിനു മുമ്പോ ശേഷമോ കരാറുകാരന്‌ മുൻകൂർ പണം നൽകിയപ്പോൾ പൊതുമരാമത്ത്‌ വകുപ്പ്‌ ഇങ്ങനെ പലിശ വാങ്ങിയിട്ടില്ല.

ഇടപ്പള്ളി ഫ്ലൈഓവർ നിർമാണത്തിന്‌ കരാറുകാരന്‌ പലിശയില്ലാതെയാണ്‌ 25 കോടി രൂപ അഡ്വാൻസ്‌ നൽകിയത്‌.

മൊബിലിറ്റി അഡ്വാൻസിന്‌ 11 മുതൽ 13 ശതമാനം വരെ ഉയർന്ന പലിശ ഈടാക്കണമായിരുന്നു എന്ന അക്കൗണ്ടന്റ്‌ ജനറലിന്റെ നിരീക്ഷണത്തെ സൂരജ്‌ ഹർജിയിൽ എതിർക്കുന്നു.

കെആർഎഫ്‌ബി ഫണ്ട്‌ അത്ര ഉയർന്ന പലിശയ്‌ക്ക്‌ നൽകാനാവില്ല. നിർമാണങ്ങൾ വേഗത്തിൽ നടത്തുകയാണ്‌ അവരുടെ ലക്ഷ്യമെന്നും സൂരജ്‌ പറയുന്നു.

കേസിലെ നാലാം പ്രതിയാണ്‌ സൂരജ്‌. കരാറുകാരന്‌ മൊബിലിറ്റി അഡ്വാൻസ്‌ നൽകിയത്‌ അഴിമതിയിലെ പ്രധാന ഇടപാടായാണ്‌ വിജിലൻസ്‌ കണ്ടെത്തിയിട്ടുള്ളത്‌.

മൊബിലിറ്റി അഡ്വാൻസ്‌ നൽകില്ലെന്ന്‌ ടെൻഡറിൽ പങ്കെടുക്കാൻ താൽപ്പര്യം കാണിച്ച മറ്റു കരാറുകാരോട്‌ സൂരജ്‌ പറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്‌.

എന്നാൽ, കുറഞ്ഞ പലിശയ്‌ക്ക്‌ പണം അനുവദിച്ചു. കരാറുകാരനിൽനിന്ന്‌ പിന്നീട്‌ ഈ പണം മറ്റുള്ളവർ കൈപ്പറ്റിയെന്നാണ്‌ വിജിലൻസ്‌ കരുതുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here