
രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇത് മറികടക്കണമെങ്കില്‍ പ്രതിസന്ധിയുണ്ടെന്ന് ആദ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം. അതിനവര്‍ തയ്യാറാകുന്നില്ല. പകരം നിലവാരമില്ലാത്ത തമാശപറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് കേന്ദ്ര ധനമന്ത്രിയടക്കം. ഇതൊക്കെ ആസ്വദിക്കാവുന്ന മാനസികാവസ്ഥയിലല്ല ജനങ്ങളെന്ന് അവര്‍ മനസ്സിലാക്കിയേ തീരൂ.
കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്ന് തിരിച്ചറിയുമ്പോഴും എന്തൊക്കെയാണ് പറഞ്ഞുകൊണ്ടിരുന്നത്? കാര്‍ വില്‍പ്പന ഇടിയാന്‍ കാരണം ഊബര്‍, ഒല ടാക്സി കമ്പനികളാണെന്ന് ഒരു ദിവസം പറഞ്ഞു. 1980കളിലും 90കളിലും ജനിച്ചവരാണ് പ്രതിസന്ധിയുടെ സ്രഷ്ടാക്കള്‍ എന്ന് വേറൊരു ദിവസം. ‘ഗുരുത്വാകര്‍ഷണം ഐന്‍സ്റ്റീന്‍ കണ്ടുപിടിച്ചത് കണക്കുകൂട്ടിയിട്ടല്ല, ആപ്പിള്‍ തലയില്‍ വീണപ്പോഴാണല്ലോ, അതുകൊണ്ട് കണക്കിലും മറ്റും വലിയ കാര്യമില്ല’ തുടങ്ങിയ വിടുവായത്തവുമായി വേറൊരു മന്ത്രി. ഏതായാലും ഉത്തേജനത്തിനുള്ള കുറിപ്പടികളുമായി മൂന്നാംവട്ടം പത്രക്കാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതില്‍നിന്ന് ഒരു കാര്യം മനസ്സിലാക്കാം. പ്രതിസന്ധിയുടെ ചൂടില്‍ കേന്ദ്രധനമന്ത്രി വിയര്‍ത്തു തുടങ്ങി.
ഈ കുറിപ്പടികള്‍ പ്രശ്‌നപരിഹാരത്തിന് സഹായകമാണോ? അതാണ് നമ്മുടെ മുന്നിലുള്ള അടുത്ത ചോദ്യം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അവസാന പ്രഖ്യാപനങ്ങള്‍പോലും പ്രശ്‌നപരിഹാരത്തിന്റെ നാലയലത്തു വരികയില്ല.
സാമ്പത്തികവളര്‍ച്ച ഇടിയുന്നു
സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അഞ്ച് ശതമാനമാണ് സമ്പദ്ഘടന വളര്‍ന്നത്. ഈ കണക്കുകള്‍പോലും ഊതിപ്പെരുപ്പിച്ചതാകാമെന്ന സംശയം പ്രബലമാണ്. എന്തുകൊണ്ടാണ് സാമ്പത്തിക വളര്‍ച്ച ഇടിയുന്നത്? വ്യവസായികളും മറ്റും ഉല്‍പ്പാദിപ്പിച്ച ചരക്കുകള്‍ വാങ്ങാനാളില്ല. കാറുമുതല്‍ ബിസ്‌കറ്റ് വരെ. ഉപഭോക്താക്കളുടെ വാങ്ങല്‍കഴിവുകള്‍ ശുഷ്‌കിച്ചു. തൊഴിലില്ലായ്മപെരുകുന്നു. സമീപകാലത്ത് കൂലിയിലും വര്‍ധനയില്ല. കാറും മറ്റും വാങ്ങാന്‍ പണ്ടത്തെപ്പോലെ വായ്പയും മറ്റും ലഭ്യമല്ല. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളൊക്കെ വിറ്റഴിക്കാതെ കെട്ടിക്കിടക്കുമ്പോള്‍ അവ നിര്‍മിക്കാന്‍ ആവശ്യമായ പുതിയ യന്ത്രങ്ങള്‍ മുതലാളിമാര്‍ വാങ്ങുമോ? മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജൂലൈയില്‍ യന്ത്രനിര്‍മാണ മേഖലയിലെ ഉല്‍പ്പാദനം ഏഴ് ശതമാനം കുറഞ്ഞിരിക്കുന്നു എന്നാണ് അവസാനകണക്കുകളുടെ സൂചന.
മേല്‍പ്പറഞ്ഞതുപോലെ സാധനങ്ങള്‍ വാങ്ങാന്‍ സാധാരണക്കാരുടെ കൈവശം പണമില്ല. പണമുള്ള മുതലാളിമാര്‍ക്ക് വാങ്ങാന്‍ താല്‍പ്പര്യവുമില്ല. ഇത്തരമൊരു ഘട്ടത്തില്‍ ഉല്‍പ്പാദനവും വരുമാനവും ഇടിയാതിരിക്കാന്‍ എന്തുവേണം? സര്‍ക്കാര്‍ ചെലവ് ഗണ്യമായി വര്‍ധിപ്പിക്കണം. സ്വകാര്യ മേഖലയിലുണ്ടായ ഡിമാന്റ് ഇടിവിനെ സര്‍ക്കാര്‍ നികത്തണം. ഇതാണ് കെയ്ന്‍സ് പഠിപ്പിച്ചത്. ഇതാണ് 2010ല്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍ ചെയ്തത്. അന്ന് മന്‍മോഹന്‍സിങ്ങും ഇതുതന്നെയാണ് ചെയ്തത്. ഇടയ്ക്കു പറയട്ടെ. അദ്ദേഹവും ഇക്കാര്യം മറന്ന മട്ടാണ്. 2010 ലെ പോലുള്ള ഉത്തേജക പാക്കേജ് വേണം എന്ന് തെളിച്ചുപറയാന്‍ മന്‍മോഹന്‍സിങ്ങും തയ്യാറല്ല. പ്രതിസന്ധി പരിഹരിക്കാന്‍ വേറെന്തോ അഞ്ചിനപരിപാടിയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. അതും പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ല.
യാഥാര്‍ഥ്യബോധമില്ലാത്ത ഭരണാധികാരികള്‍ അടിച്ചേല്‍പ്പിച്ച മാന്ദ്യം
ഇടതുപക്ഷ പാര്‍ടികളുടെ നിലപാട് വ്യക്തമാണ്. അത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചചെയ്യാന്‍ ദേശവ്യാപക പ്രചാരണത്തിന് ഇറങ്ങുകയാണ്. ആദ്യം വേണ്ടത് ജനങ്ങളുടെ വാങ്ങല്‍കഴിവ് വര്‍ധിപ്പിക്കുകയാണ്. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം തൊഴിലുറപ്പുപദ്ധതി വിപുലീകരിക്കലാണ്. ഇത് നഗരമേഖലയിലേക്കും വ്യാപിപ്പിക്കണം. തൊഴില്‍ദിനങ്ങള്‍ 150 ആക്കണം. കൂലി വര്‍ധിപ്പിക്കണം. ഇപ്പോള്‍ 70,000 കോടിയാണ് തൊഴിലുറപ്പിന് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ അടങ്കല്‍ ഇരട്ടിയെങ്കിലുമാക്കി വര്‍ധിപ്പിക്കണം.
വീട് നിര്‍മാതാക്കള്‍ക്ക് ധനസഹായ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അതു പോര. വീടു വാങ്ങുന്നവര്‍ക്കും ധനസഹായം നല്‍കണം. കാര്‍ അടക്കമുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ വായ്പ ലഭ്യമാക്കണം. അടുത്ത ആറ് മാസത്തേയ്ക്ക് എങ്കിലും ഇവര്‍ക്ക് പലിശ ഇളവ് നല്‍കണം. അങ്ങനെയെങ്കില്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ത്തന്നെ കൂടുതല്‍ ചരക്കു വാങ്ങാന്‍ തയ്യാറാകും. അത്രത്തോളം മാന്ദ്യവും കുറയും. എല്ലാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ക്കും ആവശ്യമായ ബസുകള്‍ വായ്പയായി നല്‍കണം.
ഇതോടൊപ്പം ഒരു ഭീമന്‍ പശ്ചാത്തല നിര്‍മാണപദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഇതൊക്കെ കഷണം കഷണമായി ചെയ്യാതെ ഒറ്റയടിക്ക് ചെയ്യുകയാണെങ്കില്‍ കമ്പോളം ഉത്തേജിതമാകും. ഇത്തരമൊരു നിക്ഷേപപദ്ധതിക്ക് പൊതുമേഖലാ സ്ഥാപനങ്ങളും ഏജന്‍സികളും മുന്‍കൈ എടുക്കണം.
കമ്മി കൂടുമെന്ന് പരിഭ്രമിച്ച് സാമ്പത്തികം കണ്ടെത്താന്‍ അറച്ചുനില്‍ക്കേണ്ടതില്ല. കൂടുതല്‍ വായ്പ വാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാകണം. റിസര്‍വ് ബാങ്കില്‍നിന്ന് കടമെടുക്കാം. എന്നാല്‍, മാന്ദ്യം കരകയറിക്കഴിഞ്ഞാല്‍ കമ്മി കുറയ്ക്കുന്നതിനുള്ള സമയബന്ധിത പരിപാടി ഇപ്പോള്‍ത്തന്നെ പ്രഖ്യാപിക്കാനും തയ്യാറാകണം.
സംസ്ഥാനങ്ങളെയും വിശ്വാസത്തിലെടുക്കണം. എല്ലാ സംസ്ഥാനങ്ങളുടെയും ചെലവ് ഒരുമിച്ചെടുത്താല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ ചെലവിനേക്കാള്‍ അധികം വരും. കേന്ദ്ര സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കുന്നതുപോലെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചെലവ് വര്‍ധിപ്പിക്കാന്‍ അധികവായ്പ അനുവദിക്കണം. എന്നാല്‍, നേരെ തിരിച്ചാണ് കേന്ദ്രം ഇപ്പോള്‍ ചിന്തിക്കുന്നത്. സംസ്ഥാനങ്ങളുടെ വായ്പയെടുപ്പ് കൂടുതല്‍ കര്‍ക്കശമാക്കാനാണ് നീക്കം.
കേരളത്തിന്റെ കാര്യമെടുക്കാം. ഈ വര്‍ഷം 24,000 കോടിരൂപ വായ്പ അനുവദിച്ചതില്‍ ഏഴായിരത്തില്‍പ്പരം കോടിരൂപ ഈ മാന്ദ്യവര്‍ഷത്തില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. 2016—17 ല്‍ നമ്മുടെ ട്രഷറി ഡിപ്പോസിറ്റുകളില്‍ ഇത്രയും തുകയുടെ വര്‍ധന ഉണ്ടായി എന്നാണ് കേന്ദ്രം പറയുന്നത്. ഇതില്‍ നല്ല പങ്കും ജീവനക്കാരുടെ ശമ്പള കുടിശ്ശികയാണെന്നും, ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡിപ്പോസിറ്റുകളാണെന്നും മറ്റുമുള്ള നമ്മുടെ വാദം അംഗീകരിച്ചില്ല. യാഥാര്‍ഥ്യബോധമില്ലാത്ത കാര്‍ക്കശ്യം കൊണ്ടെന്തുകാര്യം? മാന്ദ്യവര്‍ഷത്തില്‍ വായ്പ വെട്ടിക്കുറയ്ക്കുന്നത് എന്തു തലതിരിഞ്ഞ നയമാണ് ?
തീര്‍ന്നില്ല, പ്രളയശേഷ -പുനര്‍നിര്‍മാണത്തിനുവേണ്ടി കേരളത്തിന് അധികം വേണ്ടത് 31,000 കോടി രൂപയാണ്. ഇതിനായി ലോകബാങ്കില്‍നിന്നും മറ്റും 7,000 കോടിരൂപ ഏതാണ്ട് ലഭിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതും നമ്മുടെ വായ്പാപരിധിയായ 24,000 കോടിരൂപയില്‍ ഉള്‍പ്പെടുത്തിപ്പോകണം എന്നാണ് ഇണ്ടാസ്. സാധാരണ ഗതിയിലുള്ള വായ്പയ്ക്ക് പുറമേയായിരിക്കണം പ്രളയശേഷ- പുനര്‍നിര്‍മാണത്തിനുമുള്ള വായ്പയെന്നത് ജിഎസ്ടി കൗണ്‍സില്‍പോലും ശുപാര്‍ശ ചെയ്തതാണ്. പക്ഷേ, ചെവിക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല.
എന്നാല്‍, കൈയും കെട്ടിയിരിക്കാനല്ല തീരുമാനം. കിഫ്ബിയിലൂടെ ബജറ്റിനു പുറമെയെടുക്കുന്ന വായ്പകളും, അവയുപയോഗപ്പെടുത്തി ഈവര്‍ഷം ആരംഭിക്കാന്‍പോകുന്ന നിര്‍മാണ പ്രവൃത്തികളും കേരളത്തിന്റെ ഉത്തേജക പാക്കേജാണ്. ബജറ്റിലൂടെ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെങ്കില്‍ ബജറ്റിന് പുറത്തുനിന്ന് ചെയ്യാനുള്ള ചുമതല കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. മാന്ദ്യം കേരളത്തെ ഗ്രസിക്കുന്നത് തടയാന്‍ എന്തൊക്കെ ചെയ്യാനാകുമോ അതൊക്കെ കേരളം ചെയ്യും. അതിന് തുനിഞ്ഞിറങ്ങുകയാണ് നാം.
യാഥാര്‍ഥ്യബോധമില്ലാത്ത ഭരണാധികാരികള്‍ അടിച്ചേല്‍പ്പിച്ച മാന്ദ്യമാണിത്. അതിനുമുന്നില്‍ പകച്ചുനില്‍ക്കുമ്പോഴും അധികാരത്തിന്റെ ഹുങ്കും ധാര്‍ഷ്ട്യവും കൈവെടിയാന്‍ അവര്‍ തയ്യാറാകുന്നില്ല. രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ചു തകര്‍ത്ത ചക്രവര്‍ത്തിയുടേത് കെട്ടുകഥയല്ലെന്നും നീറോയെ വെല്ലുന്ന കഥാപാത്രങ്ങളുടെ കൈയിലാണ് ഇന്ത്യയുടെ ഭരണമെന്നുംമാത്രം മനസ്സിലാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here