ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പൊടിപാറും പോരാട്ടം

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍, ചെല്‍സി, ബാഴ്സലോണ, ടോട്ടനം തുടങ്ങിയവര്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. പതിമൂന്നു തവണ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഫ്രഞ്ച് ചാമ്പ്യന്‍മാരായ പിഎസ്ജിയെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസ് അത്ലറ്റികോ മാഡ്രിഡിനെയും നേരിടും. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഷാക്തറും ബയേണ്‍ മ്യൂണിക്കിന് ക്രെവ്ന സ്വെസ്ദയുമാണ് എതിരാളി. നിലവിലെ റണ്ണേഴ്സപ്പായ ടോട്ടനം ഹോട്സ്പര്‍ ഒളിമ്പ്യാകോസുമായും ഏറ്റുമുട്ടും.

ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ടീമായ റയലിന് പഴയ വീര്യം ഒട്ടുമില്ല. കഴിഞ്ഞ സീസണില്‍ മങ്ങിയ ടീം ഇത്തവണയും മികച്ച കളി പുറത്തെടുത്തിട്ടില്ല. ലീഗില്‍ റയലിന് ഹാട്രിക് കിരീടം നേടിക്കൊടുത്ത പരിശീലകന്‍ സിനദിന്‍ സിദാന്റെ മടങ്ങിവരവിലാണ് റയലിന് പ്രതീക്ഷ. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും നാച്ചോയും സസ്പെന്‍ഷനിലാണ്. പ്രതിരോധത്തില്‍ ബ്രസീലുകാരന്‍ മാഴ്സെലോയും മധ്യനിരയില്‍ ലൂക്കാ മോഡ്രിച്ചും പരിക്കിന്റെ പിടിയിലാണ്. എങ്കിലും ഏദെന്‍ ഹസാര്‍ഡും ഹാമേഷ് റോഡ്രിഗസുമടങ്ങുന്ന റയലിന് വിജയ പ്രതീക്ഷയാണുള്ളത്.

അവസാന മൂന്നു സീസണിലും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ പിഎസ്ജി ഇത്തവണയും കച്ചമുറുക്കിയാണ് എത്തുന്നത്. മുന്നേറ്റനിരയില്‍ കിലിയന്‍ എംബാപ്പെയ്ക്കും എഡിന്‍സണ്‍ കവാനിക്കും പരിക്കുകാരണം കളി നഷ്ടമാകുന്നത് അവരെ ക്ഷീണിപ്പിക്കും. നെയ്മറിനാകട്ടെ വിലക്കാണ്. എങ്കിലും നിസ്സാരക്കാരല്ല പിഎസ്ജി. സ്വന്തം തട്ടകത്തില്‍ റയലിനെ മുട്ടുകുത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് അവര്‍. റയലില്‍നിന്ന് ഈ സീണില്‍ ടീമിലെത്തിയ ഗോള്‍കീപ്പര്‍ കെയ്ലര്‍ നവാസ് പിഎസ്ജിയുടെ ഗോള്‍വല കാക്കും.

ചാമ്പ്യന്‍സ് ലീഗില്‍ ഇരുടീമുകളും എട്ടു തവണയാണ് മുഖാമുഖമെത്തിയത്. നാലിലും ജയം റയലിനൊപ്പമായിരുന്നു. രണ്ടെണ്ണം പിഎസ്ജി ജയിച്ചു. മറ്റു രണ്ടെണ്ണം സമനിലയിലും.
കഴിഞ്ഞ സീസണിലെ പ്രീ ക്വാര്‍ട്ടര്‍ പോരിന്റെ തനിയാവര്‍ത്തനമാണ് ഗ്രൂപ്പ് ഡിയിലെ യുവന്റസ്അത്ലറ്റികോ പോര്. അന്ന് റൊണാള്‍ഡോയുടെ മികവില്‍ യുവന്റസ് മുന്നേറി.

അത്ലറ്റികോയുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ റൊണാള്‍ഡോയിലാണ് യുവന്റസിന്റെ പ്രതീക്ഷ മുഴുവന്‍. ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് ഈ പോര്‍ച്ചുഗീസുകാരന്‍. അത്ലറ്റികോയ്ക്കാകട്ടെ റൊണാള്‍ഡോയ്ക്കുള്ള മറുമരുന്ന് മറ്റൊരു പോര്‍ച്ചുഗീസുകാരനാണ്. കൗമാരക്കാരന്‍ ജോവാവേ ഫെലിക്സ്. മുമ്പ് ഇരുടീമുകളും നാലുതവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയം അത്ലറ്റികോയ്ക്കായിരുന്നു. ഒരു കളി സമനിലയായപ്പോള്‍ ഒന്നില്‍ യുവന്റസ് ജയിച്ചു.

താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കു മുന്നില്‍ മികച്ച ജയം കുറിച്ച് ഒരുക്കം ഗംഭീരമാക്കാനാണ് സിറ്റിയും ബയേണും ടോട്ടനവും ഇറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel