ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 ഇന്ന്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി–20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ധര്‍മശാലയില്‍ മൂന്ന് മത്സര പരമ്പരയിലെ ആദ്യകളി മഴ കാരണം ഉപേക്ഷിച്ചിരുന്നു. മൊഹാലിയില്‍ ഇന്ന് രാത്രി ഏഴിനാണ് രണ്ടാം ട്വന്റി-20. ട്വന്റി-20 ലോകകപ്പിലേക്കുള്ള ഒരുക്കമാണ് വിരാട് കോഹ്ലിക്കും സംഘത്തിനും. അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയിലാണ് മിന്നല്‍ ക്രിക്കറ്റ് ലോകകപ്പ്.

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനു മുന്നില്‍ സെമിഫൈനലില്‍ കാലിടറിയ ഇന്ത്യ പിന്നാലെ നടന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ സമ്പൂര്‍ണ ജയം പിടിച്ചാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കാനൊരുങ്ങുന്നത്. ട്വന്റി-20ക്ക് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി മൂന്ന് ടെസ്റ്റ് പരമ്പരയും ഇന്ത്യ ആഫ്രിക്കക്കാര്‍ക്കെതിരെ കളിക്കും.

ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി മുപ്പതോളം മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഇതിനിടയില്‍ ഐപിഎലുമുണ്ട്. പരിശീലകനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പരമ്പരയെന്ന നിലയില്‍ രവി ശാസ്ത്രിക്ക് മികച്ച ജയം അനിവാര്യമാണ്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് നിര്‍ണായകമാണ് പരമ്പര. വിന്‍ഡീസില്‍ മങ്ങിയ പന്ത് മികവ് കാട്ടിയില്ലെങ്കില്‍ ടീമിലിടമുണ്ടാകില്ലെന്ന് ശാസ്ത്രി സൂചന നല്‍കിക്കഴിഞ്ഞു.

വിന്‍ഡീസില്‍ വിക്കറ്റിന് പിന്നില്‍ എല്ലാ മത്സരങ്ങളിലും പന്തിനായിരുന്നു ഇന്ത്യ അവസരം നല്‍കിയത്. കോഹ്ലി നയിക്കുന്ന ബാറ്റിങ് നിരയില്‍ ശ്രേയസ് അയ്യറും മനീഷ് പാണ്ഡെയും മധ്യനിരയിലുണ്ടാകും. ജസ്പ്രീത് ബുമ്രയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും അഭാവത്തില്‍ വിന്‍ഡീസില്‍ തിളങ്ങിയ നവ്ദീപ് സെയ്നിയാണ് പേസിങ് നിര നയിക്കുന്നത്.

ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയിലെ കരുത്തന്‍. ഇന്ത്യയില്‍ മികച്ച റെക്കോഡാണ് വിക്കറ്റ് കീപ്പര്‍ക്ക്. പേസര്‍ കഗീസോ റബാദ നയിക്കുന്ന ബൗളിങ് സംഘം ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് പരീക്ഷണമാകും.

ഇന്ത്യ: വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, രാഹുല്‍ ചഹാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സെയ്നി.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, റാസി വാന്‍ഡെര്‍ ദുസെന്‍, ടെംബ ബവുമ, ഡേവിഡ് മില്ലര്‍, ബോണ്‍ ഫോടിന്‍, ഡ്വയ്ന്‍ പ്രിടോറിയസ്, ആന്‍ഡ്ലി ഫെഹുല്‍കായോ, കഗീസോ റബാദ, ആന്റിച്ച് നോര്‍ത, റീസ ഹെന്‍ഡ്രിക്സ്, ജൂനിയര്‍ ദാല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News