കശ്മീര്‍ വിഷയത്തില്‍ സിപിഐ എം സുപ്രീംകോടതിയിലേക്ക്; തരിഗാമി ഹര്‍ജി നല്‍കും: സീതാറാം യെച്ചൂരി

ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിച്ച ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കിയതിനെതിരെ സിപിഐ എം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഹര്‍ജി നല്‍കുക. സര്‍ക്കാര്‍ നടപടി ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാകും ഹര്‍ജിയെന്ന് തരിഗാമിയുമൊത്തുള്ള വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.

പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ചതുമെല്ലാം ഭരണഘടനാ വിരുദ്ധമായാണ്. ഒരു സംസ്ഥാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമ്പോള്‍ ബന്ധപ്പെട്ട സംസ്ഥാന നിയമസഭയുടെ അംഗീകാരം ആവശ്യമാണ്. ജമ്മു–കശ്മീരിന്റെ കാര്യത്തില്‍ അതുണ്ടായിട്ടില്ല. ഇത് കോടതിയില്‍ ചോദ്യംചെയ്യപ്പെടേണ്ടതാണ്. തരിഗാമിക്ക് എയിംസില്‍ ചികില്‍സ ലഭ്യമാക്കുന്നതിന് അവസരമൊരുക്കിയ സുപ്രീംകോടതിക്കും കേസില്‍ ഇടപെട്ട അഭിഭാഷകര്‍ക്കും യെച്ചൂരി നന്ദി അറിയിച്ചു.

കേന്ദ്ര നടപടിയിലൂടെ കശ്മീരികളുടെ ജീവിതം വഴിമുട്ടി. നാല്‍പ്പത് ദിവസമായി താഴ്വര പൂര്‍ണമായും സ്തംഭിച്ചു. ആളുകള്‍ക്ക് ജോലിക്കുപോലും പോകാനാകുന്നില്ല. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പോലുമില്ലാതെ ആളുകള്‍ നരകിക്കുകയാണ്. ഇപ്പോഴും താഴ്വരയിലെ സിപിഐ എം നേതാക്കളുമായി ഫോണില്‍ ബന്ധപ്പെടാനാവുന്നില്ല. പൊതുഗതാഗതം സ്തംഭിച്ചു. ഭക്ഷ്യവസ്തുക്കള്‍ക്കും മരുന്നുകള്‍ക്കുമെല്ലാം ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി.

തരിഗാമി 24 വര്‍ഷം നിയമസഭാംഗമായിരുന്നു. അദ്ദേഹം പ്രതിനിധീകരിക്കുന്ന കുല്‍ഗാം മണ്ഡലം ഏറ്റവുമധികം തീവ്രവാദ ശല്യമുള്ള മേഖലയാണ്. അദ്ദേഹത്തിനു നേരെയും കുടുംബാംഗങ്ങള്‍ക്കു നേരെയും പലവട്ടം തീവ്രവാദികളുടെ ആക്രമണമുണ്ടായി. തീവ്രവാദത്തിനെതിരായ സിപിഐ എം പോരാട്ടം ഒരു വിട്ടുവീഴ്ചയും സാധ്യമാകാത്തവിധം ദൃഢമാണ്.

തരിഗാമി തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടാന്‍ കാരണവും തീവ്രവാദ വിരുദ്ധ നിലപാടാണ്. ഫാറൂഖും ഒമറുമൊക്കെ ജമ്മു–കശ്മീര്‍ ഇന്ത്യയുമായി ചേര്‍ന്നുനില്‍ക്കണമെന്ന് ഏറ്റവുമധികം താല്‍പ്പര്യപ്പെടുന്ന നേതാക്കളാണ്. എന്നാല്‍, അവരിന്ന് തടങ്കലിലാണ്. ഫാറൂഖിനെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹേബിയസ് ഹര്‍ജി കോടതി മുമ്പാകെ എത്തിയപ്പോഴാണ് അദ്ദേഹത്തിനുമേല്‍ പ്രത്യേക സുരക്ഷാനിയമം ചുമത്തിയത്. യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News