മലപ്പുറം ഓമാനൂരില്‍ യുവാക്കള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണം; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

മലപ്പുറം ഓമാനൂരില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് കൂടുതല്‍ പേരെ കുറിച്ച് വിവരം ലഭിച്ചു. അതേസമയം സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപേരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന വ്യാജ ആരോപണവുമായി യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമായി. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത ഫൈസല്‍, ദുല്‍ഫുഖര്‍ അലി, മുഅതസ്ഖാന്‍ എന്നിവരേയാണ് മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

വധശ്രമം, കലാപം സൃഷ്ടിക്കല്‍, അക്രമണത്തിന് സംഘം ചേരല്‍, വാഹനം തകര്‍ക്കല്‍, വഴി തടസ്സപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ഇവരുടെ മേല്‍ ചുമത്തിയിട്ടുണ്ട്. കണ്ടാലറിയുന്ന നാല്‍പത് പേര്‍ക്കെതിരെയും കേസ് എടുത്ത സാഹചര്യത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകും. ഇതിനായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതും പോലീസ് പകര്‍ത്തിയതുമായ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

വാഴക്കാട് ഒമാനൂരില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് കഴിഞ്ഞ ദിവസം യുവാക്കള്‍ക്കെതിരെ മര്‍ദ്ദനമുണ്ടായത്. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊണ്ടോട്ടി സ്വദേശി സഫറുള്ള, വാഴക്കാട് സ്വദേശി റഹ്മത്ത് എന്നിവരെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കുട്ടിയുടെ ആരോപണം വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പരീക്ഷാ പേടിയില്‍ നിന്ന് രക്ഷപ്പെടാന്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ഥി കള്ളം പറഞ്ഞതാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News