അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാമെന്ന് സുപ്രീംകോടതി

അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാമെന്ന് സുപ്രീംകോടതി. വാദം കേള്‍ക്കലിന് ഒപ്പം സമാന്തരമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ ഭരണ ഘടനാ ബെഞ്ച് മധ്യസ്ഥ സമിതിക്ക് അനുമതി നല്‍കി. കേസില്‍ ഒക്ടോബര്‍ 18ഓടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാകും എന്ന് കരുതുന്നുവെന്നും കോടതി വ്യക്തമാക്കി. ഇതോടെ അയോധ്യ കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി വിരമിക്കും മുന്‍പ് വിധി ഉണ്ടാകുമെന്ന് ഉറപ്പായി.

അയോധ്യ തര്‍ക്ക ഭൂമി കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് സുന്നി വഖഫ് ബോര്‍ഡും നിര്‍വാണി അഖാഡയും ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിക്ക് കത്ത് നല്‍കിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ തുടരാന്‍ സന്നദ്ധത അറിയിച്ച സമിതി ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം തേടുകയും ചെയ്തു. ആവശ്യം പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി അധ്യക്ഷന്‍ ആയ ഭരണ ഘടനാ ബഞ്ച് മധ്യസ്ഥ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സമിതിക്ക് അനുമതി നല്‍കി.

കേസുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കല്‍ ഏറെ പുരോഗമിച്ചതിനാല്‍ വാദം കേള്‍ക്കലിന് ഒപ്പം സമാന്തരമായി മധ്യസ്ഥ ചര്‍ച്ച നടത്താനാണ് അനുമതി. ചര്‍ച്ചകള്‍ രഹസ്യമായി തുടരണം എന്നും സമവായം ഉണ്ടായാല്‍ കോടതിയെ തീരുമാനം മുദ്രവച്ച കവറില്‍ അറിയിക്കാനും നിര്‍ദേശം ഉണ്ട്. അതേസമയം കേസില്‍ ഒക്ടോബര്‍ 18ഓടെ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.

വാദം പറയാന്‍ വേണ്ട സമയം സംബന്ധിച്ച് കക്ഷികള്‍ നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ നേരം വാദം കേള്‍ക്കാനും കോടതി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേസ് കേള്‍ക്കുന്ന ബെഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി നവംബര്‍ 17ന് വിരമിക്കും. ഒക്ടോബറില്‍ വാദം പൂര്‍ത്തിയാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ അതിന് മുന്‍പായി അയോധ്യ കേസില്‍ വിധി ഉണ്ടാകുമെന്ന് ഉറപ്പായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News