ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത്; അതാണ് നാടിന്റെ വികസനത്തിന് പിന്നില്‍: മുഖ്യമന്ത്രി പിണറായി 

നാടിന്റെ വികസനത്തിന് വഴിയൊരുക്കി ജനങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപിടിക്കുന്ന അഴിമതി രഹിത സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൂന്നേക്കാല്‍ വര്‍ഷം മുന്പ് യുഡിഎഫ് ഭരണത്തിലെ അഴിമതിയും വികസന മുരടിപ്പും മൂലം ജനം വലഞ്ഞുപോയിടത്തുനിന്നുമാണ് വികസനപാതയൊരുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായത്.നാടിന് ഗുണകരമായ ആ വികസനത്തിനൊപ്പം നില്‍ക്കാനുള്ള വലിയ അവസരമാണ് പാലായിലെ വോട്ടര്‍മാര്‍ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ആരോഗ്യ. കാര്‍ഷിക., വിദ്യാഭ്യാസ മേഖലകളിലെല്ലാം ആ മാറ്റം പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നേകാല്‍വര്‍ഷം മുമ്പാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത് അധികാരത്തില്‍ വരുന്ന സമയത്ത് എന്തായിരുന്നു കേരളത്തിന്റെ അവസ്ഥ . ഇപ്പോള്‍ അത് എവിടെ നില്‍ക്കുന്നു? മൂന്നേകാല്‍ വര്‍ഷം മുമ്പ് സംസ്ഥാനമാകെ വല്ലാത്ത നിരാശയും മടുപ്പുമായിരുന്നു. ഇങ്ങനൊരു നാട്ടില്‍ ജീവിക്കേണ്ടിവന്ന മടുപ്പ്. നല്ലൊരു നാടിനെ കളങ്കിതമാക്കിയ ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു.അന്നത്തെ ആ സാഹചര്യത്തില്‍ കേരളത്തിന്റെ സമഗ്രമായ വികസനം, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സര്‍വതലസ്പര്‍ശിയായ വികസനം എല്‍ഡിഎഫ് വാഗ്ദാനംചെയ്തു. ജനങ്ങള്‍ സ്വാഭാവികമായും അത് സ്വീകരിച്ചു. ആ വാഗ്ദാനങ്ങളാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നത്.

കാര്‍ഷികരംഗത്ത് വന്‍ വളര്‍ച്ച കൈവരിച്ചു. അന്നത്തെ കണക്കനുസരിച്ച് കാര്‍ഷികവളര്‍ച്ച 4.6 ശതമാനം പിന്നോട്ടുപോയിരുന്നു. അത് മറികടന്ന് അഭിമാനകരമായ വളര്‍ച്ച നേടി. നെല്‍കൃഷി വലിയതോതില്‍ വര്‍ദ്ധിച്ചു. തരിശുരഹിത തദ്ദേശസ്ഥാപനങ്ങള്‍ ഒട്ടേറെ വന്നുകഴിഞ്ഞു. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 210 കോടി രൂപ നല്‍കാനുണ്ടായിരുന്നു. അത് പോയെന്ന് കണക്കാക്കി കര്‍ഷകര്‍ ഉപേക്ഷിച്ചതാണ്. ആ 210 കോടിയും എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കി. കൂടാതെ റബര്‍കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ 1310 കോടി രൂപ നല്‍കി. 4.12 ലക്ഷം കര്‍ഷകര്‍ക്കാണ് നല്‍കിയത്.

പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും ദുരിതങ്ങള്‍ ഏറ്റുവാങ്ങിയ കര്‍ഷകര്‍ക്കൊപ്പം സര്‍ക്കാര്‍ നിന്നു. 61 ശതമാനം മാത്രമായിരുന്ന പദ്ധതിച്ചെലവ് ഇപ്പോള്‍ 90 ശതമാനത്തിനു മുകളിലെത്തി. നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രീതിയില്‍ പൂര്‍ത്തീകരിക്കുന്നത്.

ദേശീയതലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. സാമ്പത്തികമേഖലയ്ക്ക് പ്രത്യാഘാതമുണ്ടായി എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെ വ്യക്തമാക്കി. കേന്ദ്രത്തിന്റെ നയങ്ങളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ തകരുകയാണ്. ആസിയാന്‍ കരാര്‍ ഒപ്പിട്ട ഘട്ടത്തില്‍ എല്‍ഡിഎഫ് ശക്തമായി എതിര്‍ത്തു. അങ്ങനെ എതിര്‍ത്ത ഞങ്ങളെ പരിഹസിക്കാനായിരുന്നു പലര്‍ക്കും താല്‍പര്യം.

യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലം ഇതേ ആഗോളവല്‍ക്കരണ നയം വീറോടെ നടപ്പാക്കി. യുഡിഎഫും യുപിഎയും വാശിയോടെ ആഗോളവല്‍ക്കരണ നയം നടപ്പാക്കി. യുഡിഎഫ് ഇറങ്ങുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ 131 കോടി രൂപ നഷ്ടത്തിലായിരുന്നു. ഇപ്പോള്‍ അതേ പൊതുമേഖലാ സ്ഥാപനങ്ങള്‍ 258 കോടി രൂപയുടെ ലാഭത്തിലാണ്.

യുഡിഎഫ് നടപ്പാക്കിയ നിയമന നിരോധനം എല്‍ഡിഎഫ് ഉപേക്ഷിച്ചു. ഇതുവരെ 1.20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി 22,500 പുതിയ തസ്തിക സൃഷ്ടിച്ചു.

അഴിമതിയുടെ കുപ്രസിദ്ധിയാര്‍ജിച്ച സംസ്ഥാനമായിരുന്നു കേരളം. ഇപ്പോള്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന് കേന്ദ്രം തന്നെ അംഗീകരിക്കുന്ന സ്ഥിതി വന്നു. അഴിമതി ഇല്ലാത്ത സംസ്ഥാനം എന്നലക്ഷ്യത്തിലേക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. അഴിമതി ആരു കാണിച്ചാലും അവരെ സംരക്ഷിക്കാതിരിക്കണമെങ്കില്‍ സ്വയം അഴിമതി കാണിക്കാതിരിക്കണം. ആര് അഴിമതി കാണിച്ചാലും രക്ഷപ്പെടില്ല. കര്‍ക്കശമായ നടപടിയുണ്ടാകും.

കേരളത്തിലെ നിക്ഷേപകര്‍ക്കിപ്പോ നല്ല ആത്മവിശ്വാസം. ഇവിടെ നിക്ഷേപത്തിന്റെ പങ്ക് ചോദിക്കാന്‍ ആരും വരുന്നില്ല. നിസാനുള്‍പ്പെടെ അന്താരാഷ്ട്ര കമ്പനികള്‍ കേരളത്തിലേക്ക് വരുന്നു. അഴിമതി മുക്തമായ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ശ്രമമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ഒരുനേരത്തെ കഞ്ഞികുടിക്കാന്‍ ഗതിയില്ലാത്തവരുടെ ക്ഷേമപെന്‍ഷനുകള്‍ യുഡിഎഫ് സര്‍ക്കാര്‍ കുടിശികയാക്കിയത് 1800 കോടി രൂപയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നയുടന്‍ ആദ്യം അതുകൊടുത്തു തീര്‍ത്തു. 600 രൂപ എന്നത് 1200 രൂപയാക്കി. 52 ലക്ഷം കുടുംബത്തിന് പെന്‍ഷന്‍ ലഭിക്കുന്നു. യുഡിഎഫ് കാലത്ത് കൊടുത്തതുപോലല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ 3 വര്‍ഷംകൊണ്ട് 20,000 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണംചെയ്തു. ഇതാണ് വ്യത്യാസം. ഇതൊന്നും യുഡിഎഫിന് സ്വപ്‌നം കാണാന്‍ കഴിയില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം 453 കോടി രൂപമാത്രംകൊടുത്തപ്പോള്‍ മൂന്നുവര്‍ഷംകെണ്ട് എല്‍ഡിഎഫ് കൊടുത്തത് 1294 കോടി രൂപ. 3.70 ലക്ഷം പേര്‍ക്കായാണ് ഈ തുക നല്‍കിയത്. യുഡിഎഫ് അഞ്ചുവര്‍ഷംകൊണ്ട് 40,000 പട്ടയം കൊടുതതപ്പോള്‍ എല്‍ഡിഎഫ് മൂന്നുവര്‍ഷംകൊണ്ട് 1,07765 പട്ടയം. അതിവേഗതയില്‍ ബാക്കിയുള്ളത് കൊടുത്തുതീര്‍ക്കാന്‍ നടപടി പുരോഗമിക്കുന്നു.

എല്‍ഡിഎഫ് നാടിന്റെ പൊതുവികസനത്തിനുള്ള നടപടികളുമായാണ് നാലു മിഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. ലൈഫ് വഴി കഴിഞ്ഞ ഓണത്തിന് 1.25 ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വന്തം വീട്ടില്‍ ഓണമുണ്ടു. പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട 8,000ല്‍ അധികം കുടുംബങ്ങള്‍ ഈവര്‍ഷം പുതിയവീട്ടില്‍ ഓണമുണ്ടു.

പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വഴി ലോകത്തിലെ ഏത് വിദ്യാഭ്യാസ സമ്പ്രദായവുമായി കിടപിടിക്കാന്‍ നമുക്കു കഴിഞ്ഞു. വലിയ മുന്നേറ്റം നാടിനുണ്ടായി. മൂന്നുവര്‍ഷം കൊണ്ട് പൊതുവിദ്യാലയങ്ങളില്‍ അഞ്ചുലക്ഷത്തില്‍ പരം കുട്ടികള്‍ പുതുതായി ചേര്‍ന്നു.

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതു കുളങ്ങള്‍ ജലാശയങ്ങള്‍ എന്നിവ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. ഇനിയും ശക്തിപ്പെടണം. ജൈവകൃഷി നല്ലനിലയില്‍ വര്‍ധിച്ചു. വലിയമാറ്റം ഇതിന്റെയെല്ലാം ഭാഗമായി സംഭവിച്ചു. നാടിന്റെ നല്ല വികസനത്തിനുവേണ്ടയാണ് ഇവയെല്ലാം.

നാടിന്റെ വികസനം എന്നതില്‍ പശ്ചാത്തല സൗകര്യവികസനം വളരെ പ്രധാനമാണ്. വലിയ റെക്കോഡ് നേട്ടം. പുതിയ സാമ്പത്തിക സ്രോതസ് നാം കണ്ടെത്തി. കിഫ്ബിയെ എങ്ങനെയെങ്കിലും തകര്‍ക്കണം എന്ന മനോഭാവം ചിലര്‍ക്ക്. നിങ്ങളിവിടെ ഒരു വികസനവും നടത്താന്‍ പാടില്ല എന്നതാണ് ചിലരുടെ മനോഭാവം. നിങ്ങള്‍ ഒന്നും നടത്തിയില്ല എന്നു കരുതി നാടിനു ഗുണമുണ്ടാകുന്ന പദ്ധതികള്‍ നടപ്പാക്കുന്നവരെ തടയണോ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ അങ്ങനെ ചെയ്യാമോ?

50,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടു. 45,000 കോടിയിലധികം രൂപയുടെ പദ്ധതി ഇതിനകം ആരംഭിച്ചു. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയപാതക്ക് സ്ഥലമേറ്റെടുക്കുന്നതിന് ഒരുഭാഗം പണം കണ്ടെത്തണമെന്ന് കേന്ദ്രം. അതിനും കിഫ്ബിയില്‍നിന്ന് പണം കണ്ടെത്തും. മലയോര ഹൈവേ, തീരദേശ ഹെവേ രണ്ടിനുമായി 10,000 കോടി. കോവളം മുതല്‍ ബേക്കല്‍ വരെ 600 കിലോമീറ്റര്‍ ജലപാത. ബോട്ടില്‍ സന്ദര്‍ശിക്കാം. 25 കിലോമീറ്ററില്‍ വിനോദസഞ്ചാര കേന്ദ്രം. അടുത്തവര്‍ഷം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

മലബാര്‍ എക്‌സ്പ്രസ് എട്ടുമണിക്കൂര്‍ വൈകിയെന്ന് കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. അത്തരം സാഹചര്യം ഒഴിവാക്കാന്‍ സെമി ഹൈസ്പീഡ് റെയില്‍- 4 മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനംചെയ്തു. ശേഷമുള്ളതും വേഗം പൂര്‍ത്തിയവക്കാനാണ് ഉദ്ദേശിക്കുന്നത്. ശബരിമലയില്‍ പുതിയ വിമാനത്താവളത്തിന് നടപടി സ്വീകരിക്കുന്നത്. യുഡിഎഫ് ആയിരുന്നെങ്കില്‍ ഏതെങ്കിലും ഒന്ന് നടക്കുമോ? നാടിനോട് പ്രതിബദ്ധത വേണം. എന്തെങ്കിലും നടപ്പാകുമ്പോ ചിലതിങ്ങ് പോരട്ടെ എന്ന് ചിന്തിച്ചാല്‍ ഇതൊന്നും നടക്കില്ല.

സമ്പൂര്‍ണ വൈദ്യുതീകരണം എന്നാല്‍ എല്ലായിടത്തും വൈദ്യുതി എത്തിക്കണം. ഇടമലക്കുടിയില്‍ വരെ വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ഒട്ടേറെ പദ്ധതികളുമായി മുന്നോട്ടുപോകുമ്പോള്‍ പാലായും ഒപ്പം നില്‍ക്കണ്ടേ. പാലാ എല്‍ഡിഎഫിനൊപ്പം നിന്നില്ല എന്നതുകൊണ്ട് വിവേചനം ഉണ്ടായിട്ടില്ല. എന്നാല്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന ഒരാളുണ്ടായാല്‍ കൂടുതല്‍ സഹായകരമാകും. കഴിഞ്ഞതവണ വിജയത്തിന് അടുത്തുവരെ എത്തിയെങ്കിലും വിജയിക്കാനായില്ല. ഇത്തവണ ആ ശങ്കയൊക്കെ മാറ്റിവച്ച് മാണി സി കാപ്പന് വോട്ടുചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel