ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഉഗ്ര പോരാട്ടങ്ങള്‍; യുവന്റിസിന് മുന്നില്‍ അത്‌ലറ്റികോ; റയല്‍ പി എസ് ജിക്കെതിരെ

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് മത്സരങ്ങള്‍ ഇന്നുണ്ടെങ്കിലും ആരാധക ശ്രദ്ധ അപഹരിക്കുക രണ്ട് മത്സരങ്ങളാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇറ്റാലിയന്‍ ടീം യുവന്റസ്- അത്‌ലറ്റികോ മാഡ്രിഡ് മത്സരവും സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡ്-പി എസ് ജി മത്സരവും. മാഞ്ചെസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക്, ടോട്ടനം ക്ലബ്ബുകളും ബുധനാഴ്ച കളത്തിലിറങ്ങുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ പ്രീ-ക്വാര്‍ട്ടറില്‍ തന്നെ അത്ലറ്റിക്കോയുടെ വഴിയടച്ച ചരിത്രത്തോടെ യുവെ ഇറങ്ങുമ്പോള്‍ പകരം വീട്ടുക എന്നതു തന്നെ ഡിയേഗോ സിമിയോണി പരിശീലിപ്പിക്കുന്ന അത്ലറ്റിക്കോയുടെ ഏകലക്ഷ്യം. ഗ്രൂപ്പ് ഡി-യില്‍ റൊണാള്‍ഡോ – ഗോണ്‍സാലോ ഹിഗ്വെയ്ന്‍ – ഫെഡ്രറിക്കോ ബെര്‍ണാഡ്ഷി എന്നിവരൊരുമിക്കുന്ന മുന്നേറ്റമാണ് യുവന്റസിന്റെ ശക്തി. ജോര്‍ജിയോ കില്ലിനി, ഡഗ്ലസ് കോസ്റ്റ, മാത്തിയ ഡിസാഗ്ലിയോ എന്നിവര്‍ പരിക്കുമൂലം കളിക്കാനുണ്ടാകില്ല. ഡീഗോ കോസ്റ്റയും യുവതാരം ജാവോ ഫെലിക്സും
കളിക്കുന്ന മുന്നേറ്റനിര അത്‌ലറ്റിക്കോ മഡ്രിഡിനും ശക്തിപകരുന്നു. തോമസ് ലെഹര്‍, സോള്‍ നിഗുസ്, കോക്കെ, എയ്ഞ്ചല്‍ ഡി കൊറേയ എന്നിവര്‍ അണിനിരക്കുന്ന മധ്യനിരയാണ് ടീമിന്റെ ശക്തി.

സ്വന്തം തട്ടകത്തിലാണ് കളിക്കുന്നതെങ്കിലും പരുക്കും വിലക്കുമാണ് പി എസ് ജിയെ വലയ്ക്കുന്നത്. ഫ്രഞ്ച് ലീഗില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്നുണ്ടെങ്കിലും സൂപ്പര്‍ താരങ്ങളായ നെയ്മര്‍, എഡിസന്‍ കവാനി, കൈലിയന്‍ എംബാപ്പെ എന്നിവര്‍ ഇന്ന് കളിക്കാനില്ല. എംബപ്പെയ്ക്കും കവാനിക്കും പരുക്കാണ്. കഴിഞ്ഞ സീസണ്‍ പ്രീ-ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടു തോറ്റ ശേഷം ഒഫിഷ്യല്‍സിനെ അധിക്ഷേപിച്ചതിന് നെയ്മര്‍ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്കുണ്ട്. ഇന്റര്‍ മിലാനില്‍ നിന്ന് ടീമിലെത്തിയ മൗറോ ഇകാര്‍ദിയിലാണ് പിഎസ്ജി പരിശീലകന്‍ തോമസ് ടൂഷലിന്റെ പ്രതീക്ഷ. എയ്ഞ്ചല്‍ ഡി മരിയ-പൗളോ സറാബിയ എന്നിവര്‍ക്കൊപ്പം ഇകാര്‍ദിയും പി എസ് ജിയുടെ ആക്രമണ നിരയിലുണ്ടാകും.

ഏഴു പ്രധാന കളിക്കാര്‍ പരുക്കിന്റെയും വിലക്കിന്റെയും പിടിയിലാണെന്നതാണ് റയലിനെയും അലട്ടുന്നുണ്ട്. നായകന്‍ സെര്‍ജിയോ റാമോസ്, നാച്ചോ എന്നിവര്‍ സസ്പെന്‍ഷന്‍മൂലം കളിക്കില്ല. ഇസ്‌കോ, മാര്‍ക്കോ അലെന്‍സിയോ, ലൂക്ക മോഡ്രിച്ച് എന്നിവര്‍ക്ക് പരുക്കാണ്. മുന്നേറ്റത്തില്‍ കരീം ബെന്‍സേമയുടെയും മധ്യനിരയില്‍ കാസെമിറോയുടെയും മികച്ച ഫോമാണ് റയലിന്റെ കരുത്ത്.

മറ്റ് മത്സരങ്ങളില്‍ ക്ലബ്ബ് ബ്രൂഗ്ഗ് തുര്‍ക്കി ക്ലബ്ബ് ഗലാറ്റസറെയെയും ബയേര്‍ ലെവര്‍ക്കൂസന്‍ ലോക്കോമോട്ടീവ് മോസ്‌കോയെയും നേരിടും. ടോട്ടനം-ഒളിമ്പ്യാക്കോസ്, ബയേണ്‍ മ്യൂണിച്ച് -റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡ്, മാഞ്ചസ്റ്റര്‍ സിറ്റി- ഷക്തര്‍ ഡൊണെറ്റസ്‌ക്, ഡിനാമോ സാഗ്രെബ്-അറ്റ്‌ലാന്റ മത്സരങ്ങളും ഇന്ന് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News