മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാര്‍ എന്ന് വ്യക്തമാക്കി ബാംഗ്ലൂര്‍ ആസ്ഥാനം ആയ കമ്പനി സുപ്രീംകോടതിയില്‍. മരട് കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നഗരസഭ പൊളിക്കല്‍ നടപടി വൈകിക്കുകയാണെന്ന് അപേക്ഷയില്‍ പറയുന്നു. അക്യൂറേറ്റ് ഡെമോളിഷിംഗ് എന്ന സ്ഥാപനമാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു.
മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനായി നഗരസഭ ടെന്‍ഡര്‍ വിളിച്ചിരുന്നു. ടെന്‍ഡര്‍ നടപടികളുടെ ഭാഗമായി അപേക്ഷ നല്‍കിയ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്യൂറേറ്റ് ഡെമോളിഷിംഗ് എന്ന സ്ഥാപനമാണ് ഇന്ന് സുപ്രീംകോടതിയെ സമീപിച്ചത്. മരട് കേസില്‍ കക്ഷി ചേരാന്‍ അനുമതി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന് കമ്പനി വ്യക്തമാക്കുന്നു. ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ സ്ഥാപനത്തിന് വൈദഗ്ദ്യം ഉണ്ട് എന്ന് അപേക്ഷയില്‍ അവകാശപ്പെടുന്നു.
നഗരസഭ മനപൂര്‍വം ഫ്‌ലാറ്റ് പൊളിക്കല്‍ നടപടികള്‍ വൈകിപ്പിക്കുക ആണെന്നും കമ്പനി ആരോപിക്കുന്നു. ഇതിനിടെ മരട് ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഫ്‌ലാറ്റുകള്‍ പൊളിക്കും മുന്‍പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് അവശ്യപ്പെട്ടുള്ള ഹര്‍ജി ആണ് കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഉള്ള സമയപരിധി മറ്റന്നാള്‍ അവസാനിക്കും.
അതിനാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷന്‍ ആയ ബഞ്ച് ഇത് അംഗീകരിച്ചില്ല. കേസിലെ പ്രധാന ഹര്ജിക്ക് ഒപ്പം ഈ റിട്ട് ഹര്‍ജിയും, കക്ഷി ചേരാന്‍ അനുമതി തേടി അക്യൂറേറ്റ് ഡെമോളിഷിംഗ് നല്‍കിയ അപേക്ഷയും അടുത്ത തിങ്കളാഴ്ച ഒന്നിച്ച് പരിഗണിക്കാനാണ് സാധ്യത
Get real time update about this post categories directly on your device, subscribe now.