പാലാരിവട്ടം പാലം പഞ്ചവടിപ്പാലമായൊ എന്ന് ഹൈക്കോടതി; പരാമര്‍ശം പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ

പാലാരിവട്ടം പാലം പഞ്ചവടിപ്പാലമായൊ എന്ന് ഹൈക്കോടതി. ടി. ഒ സൂരജ് ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.കേസിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ വിജിലന്‍സിനോട് കോടതി നിര്‍ദേശിച്ചു.അതേ സമയം പ്രതികളുടെ ജാമ്യാപേക്ഷയെ വിജിലന്‍സ് എതിര്‍ത്തു.എന്നാല്‍ അന്നത്തെ ഭരണയന്ത്രത്തിന്റെ ഉപകരണമായിരുന്നു താനെന്ന് ടി ഒ സൂരജും കോടതിയില്‍ വാദിച്ചു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.പാലാരിവട്ടം പാലം പഞ്ചവടിപ്പാലമായല്ലോ എന്ന് പരാമര്‍ശിച്ച കോടതി സിനിമാക്കഥ ഇവിടെ യാഥാര്‍ത്ഥ്യമാവുകയാണൊ എന്നും ചോദിച്ചു.കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു.

ഇതു വരെ കണ്ടെത്തിയ കാര്യങ്ങള്‍, ഓരോരുത്തരുടെയും പങ്ക് എന്നിവ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.അതേ സമയം പ്രതികളുടെ ജാമ്യാപേക്ഷയെ വിജിലന്‍സ് എതിര്‍ത്തു.കേസില്‍ പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സ് അറിയിച്ചു.ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിച്ചേക്കുമെന്നും വിജിലന്‍സ് ബോധിപ്പിച്ചു.

എന്നാല്‍ താന്‍ അന്നത്തെ ഭരണയന്ത്രത്തിന്റെ ഉപകരണം മാത്രമായിരുന്നുവെന്നാണ് ടി ഒ സൂരജ് വാദിച്ചത്. പാലം നിര്‍മ്മിക്കാന്‍ കരാറുകാരന് നിയമ വിരുദ്ധ സഹായം നല്‍കിയത് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ടി ഒ സൂരജ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.കൂടുതല്‍ വാദം കേള്‍ക്കാനായി ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 25 ലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here