മോട്ടോര്‍ വാഹന ഭേദഗതി നിയമ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഈ മാസം 21ന് യോഗം ചേരുന്നത്. പിഴ തുകയുടെ കാര്യത്തില്‍ അന്തിമ തീരുമാനം യോഗത്തിലാകും കൈകൊള്ളുക. നാളെ മുതല്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി.

മോട്ടോര്‍ വാഹന ഭേദഗതി നിയമം നിലവില്‍ വന്നതിനു ശേഷം ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ തുടരുന്ന അനിശ്ചിതത്വം ഒഴിവാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഒരു ഓര്‍ഡിനന്‍സിലൂടെ പ്രശ്‌ന പരിഹാരം കാണാന്‍ സാധിക്കുമെന്നത് സംസ്ഥാനം കേന്ദ്രത്തെയും അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചത്. ഈ മാസം 21ന് ചേരുന്ന യോഗത്തിലാകും പിഴ തുകയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.അവ്യക്തതയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വാഹന പരിശോധന താല്‍കാലികമായി നിര്‍ത്തിവച്ച അവസ്ഥയാണുണ്ടായിരുന്നത്. ഇത് കൂടുതല്‍ അപകടങ്ങള്‍ നടക്കുവാനും, ഗതാഗത നിയമലംഘനം നടത്തുന്നവരുടെ എണ്ണം കൂടുവാനും കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.

ഇത് ഒഴിവാക്കുന്നതിനുവേണ്ടി നാളെ മുതല്‍ വാഹന പരിശോധന കര്‍ശനമാക്കാനും ബോധവത്കരണം തുടരാനും ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. ഗതാഗത സെക്രട്ടറിയും കമ്മീഷണറുമാണ് നിര്‍ദേശം നല്‍കിയത്. നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തേണ്ടെന്നും നിര്‍ദ്ദേശമുണ്ട്. പിഴ ഈടാക്കാനാകാത്ത സാഹചര്യത്തില്‍ കേസുകള്‍ നേരിട്ട് കോടതിയിലേക്ക് കൈമാറാനും ഗതാഗത സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.