പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാമറ ഭ്രമം വീണ്ടും പൊതുവേദിയില്‍ പുറത്ത്. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ കാല്‍വനി എക്കോ ടൂറിസം മേഖലയിലെ സന്ദര്‍ശനത്തിനിടെയായിരുന്നു തനിക്കും ക്യാമറയ്ക്കും ഇടയില്‍ നിന്ന ഉദ്യോഗസ്ഥനോടാണ് മാറിനില്‍ക്കാന്‍ മോദി നിര്‍ദേശിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ട വീഡിയോയില്‍ ഈ ദൃശ്യങ്ങള്‍ കാണാം.

എക്കോ ടൂറിസം പദ്ധതിക്കായി സ്ഥാപിച്ച ആര്‍ട് വര്‍ക്കുകള്‍ കാണാനെത്തിയ മോദിക്ക് പദ്ധതിയുടെ വിവരണം നല്‍കിയത് മോദിയുടെ ഇടതുവശത്തുനിന്ന ഉദ്യോഗസ്ഥനായിരുന്നു. ഇതേവശത്തായിരുന്നു മാധ്യമ പ്രവര്‍ത്തകരും വീഡിയോ ഗ്രാഫര്‍മാരും.

വേദിയിലെത്തിയപ്പോള്‍ തന്നെ മാധ്യമങ്ങളെ ശ്രദ്ധിച്ച മോദി, രണ്ടാമത്തെ ചിത്രത്തിനടുത്തെത്തിയപ്പോള്‍ ഈ ഉദ്യോഗസ്ഥനോട് മാറാന്‍ നിര്‍ദേശിക്കുകയായിരുന്നു.

നിര്‍ദേശം ആവര്‍ത്തിച്ചപ്പോ‍ഴാണ് ഉദ്യോഗസ്ഥന്‍ പ്രധാനമന്ത്രിയുടെ വലതുവശത്തേക്ക് ഓടിമാറിയത്. പിന്നീട് പാലത്തിലേയ്ക്ക് കയറുമ്പോഴും മോദി ക്യാമറയിലേയ്ക്ക് തന്നെ നോക്കി നടക്കുന്നത് വ്യക്തമാണ്.

2017 ഡിസംബറില്‍ ഓഖി ദുരന്തസമയത്ത് പൂന്തുറയിലെത്തിയ പ്രധാനമന്ത്രി മോദി അന്ന് ക്യാമറകള്‍ക്കും തനിക്കുമിടയില്‍ നിന്ന കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തോട് മാറി നില്‍ക്കാന്‍ നിര്‍ദേശിച്ചെങ്കിലും കണ്ണന്താനം അവിടെത്തന്നെ തുടര്‍ന്നു.

പിന്നീടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണന്താനത്തിന്‍റെ കൈപിടിച്ച് മോദിയുടെ ഇടതുവശത്തേക്ക് മാറ്റിനിര്‍ത്തിയത്.

ഫേസ്ബുക്ക് ആസ്ഥാനത്ത് മാര്‍ക് സുക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ക്യാമറ മറഞ്ഞു നിന്ന് സംസാരിച്ച അദ്ദേഹത്തെ തള്ളിമാറ്റുന്ന മോദിയുടെ വീഡിയോ അന്ന ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

വിദേശ സന്ദര്‍ശനത്തിനിടെ ക്യാമറയുമായി ആള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്ന സംഭവവും ഏറെ ചര്‍ച്ചയായിരുന്നു.