കേരളത്തിന്റെ വികസനക്കുതിപ്പിനൊപ്പം പാലായും നില്‍ക്കേണ്ടേ: മുഖ്യമന്ത്രി

പാലാ: സര്‍വമേഖലയിലും കേരളം വികസിക്കുമ്പോള്‍ അതിനൊപ്പം പാലായും നില്‍ക്കേണ്ടതല്ലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നില്ല എന്നതുകൊണ്ട് പാലായുടെ നേരെ ഒരു വിവേചനവും സര്‍ക്കാര്‍ കാണിച്ചില്ല.

എന്നാല്‍ ഈ കാര്യങ്ങളെല്ലാം നടപ്പിലാക്കാന്‍ എല്‍ഡിഎഫിന്റെ തന്നെ ഒരു പ്രതിനിധി പാലായില്‍ നിന്ന് വന്നാല്‍ അത് എത്രമാത്രം സഹായകമാകും – മേലുകാവ്മറ്റത്ത് നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൂന്നേകാല്‍ വര്‍ഷം മുന്‍പുള്ള കേരളമല്ല ഇപ്പോഴുള്ളത്. കേട്ടുകേള്‍വിയില്ലാത്തതരം അഴിമതി നടന്ന ഭരണത്തില്‍ നിന്ന് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റി.

എന്നാല്‍ അത് പോരാ, അഴിമതി തീരെയില്ലാത്ത സംസ്ഥാനമാകണം. ഇന്ന് ആര് അഴിമതി കാണിച്ചാലും ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.

കേരളത്തിലെ നിക്ഷേപ അന്തരീക്ഷം മാറി. പുതിയ സംരഭങ്ങളുമായി വരുന്നവര്‍ക്ക് നല്ലതേ പറയാനുള്ളൂ. നിസാനെ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളാണ് വരുന്നത്.

കേരളത്തിലെ 600 കി.മീ നടപ്പാത അടുത്തവര്‍ഷം പൂര്‍ത്തിയാകും. ശബരിമലയില്‍ വിമാനത്താവളം സംബന്ധിച്ച നടപടികള്‍ നടന്നുവരുന്നു.

പാവങ്ങളോട് എല്ലാക്കാലത്തും ഇടതുപക്ഷ സര്‍ക്കാര്‍ പക്ഷപാതിത്വം കാണിക്കാറുണ്ട്. ക്ഷേമ പെന്‍ഷന്‍ ഇത് വ്യക്തമാക്കും.

മൂന്നേകാല്‍ വര്‍ഷം മുന്‍പ് 1800 കോടി രൂപ യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ ഇനത്തില്‍ കൊടുക്കാനുണ്ടായിരുന്നു. എല്‍ഡിഎഫ് ഇത് കൊടുത്തു തീര്‍ത്തു.

പെന്‍ഷന്‍ 600 ല്‍ നിന്ന് 1200 വര്‍ധിപ്പിച്ചു. ഇന്ന് എല്ലാവര്‍ക്കും ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നു. 10 ലക്ഷത്തിലേറെ പേര്‍ക്കാണ് പുതുതായി പെന്‍ഷന്‍ നല്‍കുന്നത്.

പട്ടയപ്രശ്‌നം പരിഹരിക്കാനും ശക്തമായ നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. 5 വര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നാല്‍പ്പതിനായിരം പേര്‍ക്ക് മാത്രം പട്ടയം നല്‍കിയപ്പോള്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്ന് വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിലേറെ ആളുകള്‍ക്കാണ് പട്ടയം നല്‍കിയത്.

യുഡിഎഫ് നടപ്പാക്കിയ നിയമന നിരോധനം എല്‍ഡിഎഫ് ഉപേക്ഷിച്ചു. ഇതുവരെ 1.20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി 22,500 പുതിയ തസ്തിക സൃഷ്ടിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം 453 കോടി രൂപമാത്രം കൊടുത്തപ്പോള്‍ മൂന്നുവര്‍ഷംകെണ്ട് എല്‍ഡിഎഫ് കൊടുത്തത് 1294 കോടി രൂപ. 3.70 ലക്ഷം പേര്‍ക്കായാണ് ഈ തുക നല്‍കിയത്.

നാടിന്റെ പൊതുവികസനത്തിനുള്ള നടപടികളുമായാണ് നാലു മിഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. ലൈഫ് വഴി കഴിഞ്ഞ ഓണത്തിന് 1.25 ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വന്തം വീട്ടില്‍ ഓണമുണ്ടു.

പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട 8,000ല്‍ അധികം കുടുംബങ്ങള്‍ ഈവര്‍ഷം പുതിയവീട്ടില്‍ ഓണമുണ്ടു. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വഴി ലോകത്തിലെ ഏത് വിദ്യാഭ്യാസ സമ്പ്രദായവുമായി കിടപിടിക്കാന്‍ നമുക്കു കഴിഞ്ഞു. മൂന്നുവര്‍ഷം കൊണ്ട് പൊതുവിദ്യാലയങ്ങളില്‍ അഞ്ചുലക്ഷത്തില്‍ പരം കുട്ടികള്‍ പുതുതായി ചേര്‍ന്നു.

കാര്‍ഷികരംഗത്ത് വന്‍ വളര്‍ച്ച കൈവരിച്ചു. അന്നത്തെ കണക്കനുസരിച്ച് കാര്‍ഷികവളര്‍ച്ച 4.6 ശതമാനം പിന്നോട്ടുപോയിരുന്നു. അത് മറികടന്ന് അഭിമാനകരമായ വളര്‍ച്ച നേടി.

നെല്‍കൃഷി വലിയതോതില്‍ വര്‍ദ്ധിച്ചു. തരിശുരഹിത തദ്ദേശസ്ഥാപനങ്ങള്‍ ഒട്ടേറെ വന്നുകഴിഞ്ഞു. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 210 കോടി രൂപ നല്‍കാനുണ്ടായിരുന്നു.

അത് പോയെന്ന് കണക്കാക്കി കര്‍ഷകര്‍ ഉപേക്ഷിച്ചതാണ്. ആ 210 കോടിയും എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കി. കൂടാതെ റബര്‍കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ 1310 കോടി രൂപ നല്‍കി. 4.12 ലക്ഷം കര്‍ഷകര്‍ക്കാണ് നല്‍കിയത്.

പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും ദുരിതങ്ങള്‍ ഏറ്റുവാങ്ങിയ കര്‍ഷകര്‍ക്കൊപ്പം സര്‍ക്കാര്‍ നിന്നു. 61 ശതമാനം മാത്രമായിരുന്ന പദ്ധതിച്ചെലവ് ഇപ്പോള്‍ 90 ശതമാനത്തിനു മുകളിലെത്തി. നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രീതിയില്‍ പൂര്‍ത്തീകരിക്കുന്നത്.

ദേശീയതലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. സാമ്പത്തികമേഖലയ്ക്ക് പ്രത്യാഘാതമുണ്ടായി എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ നയങ്ങളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ തകരുകയാണ്. ആസിയാന്‍ കരാര്‍ ഒപ്പിട്ട ഘട്ടത്തില്‍ എല്‍ഡിഎഫ് ശക്തമായി എതിര്‍ത്തു. അങ്ങനെ എതിര്‍ത്ത ഞങ്ങളെ പരിഹസിക്കാനായിരുന്നു പലര്‍ക്കും താല്‍പര്യം.

യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലം ഇതേ ആഗോളവല്‍ക്കരണ നയം വീറോടെ നടപ്പാക്കി. യുഡിഎഫും യുപിഎയും വാശിയോടെ ആഗോളവല്‍ക്കരണ നയം നടപ്പാക്കി.

യുഡിഎഫ് ഇറങ്ങുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ 131 കോടി രൂപ നഷ്ടത്തിലായിരുന്നു. ഇപ്പോള്‍ അതേ പൊതുമേഖലാ സ്ഥാപനങ്ങള്‍ 258 കോടി രൂപയുടെ ലാഭത്തിലാണ്.

നാടിന്റെ വികസനം എന്നതില്‍ പശ്ചാത്തല സൗകര്യവികസനം വളരെ പ്രധാനമാണ്. അതിനായി പുതിയ സാമ്പത്തിക സ്രോതസ് നാം കണ്ടെത്തി.

കിഫ്ബിയെ എങ്ങനെയെങ്കിലും തകര്‍ക്കണം എന്ന മനോഭാവമാണ് ചിലര്‍ക്ക്. നിങ്ങളിവിടെ ഒരു വികസനവും നടത്താന്‍ പാടില്ല എന്നതാണ് ചിലരുടെ മനോഭാവം.

അവര്‍ ഒന്നും നടത്തിയില്ല എന്നു കരുതി നാടിനു ഗുണമുണ്ടാകുന്ന പദ്ധതികള്‍ നടപ്പാക്കുന്നവരെ തടയണോ. കിഫ്ബി വഴി 50,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടു.

45,000 കോടിയിലധികം രൂപയുടെ പദ്ധതി ഇതിനകം ആരംഭിച്ചു. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയപാതക്ക് സ്ഥലമേറ്റെടുക്കുന്നതിന് ഒരുഭാഗം പണം കണ്ടെത്തണമെന്നാണ് കേന്ദ്രം പറഞ്ഞത്. . അതിനും കിഫ്ബിയില്‍നിന്ന് പണം കണ്ടെത്തും.

ഹൈസ്പീഡ് റെയില്‍- 4 മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനംചെയ്തു. സമ്പൂര്‍ണ വൈദ്യുതീകരണം എന്നാല്‍ എല്ലായിടത്തും വൈദ്യുതി എത്തിക്കണം.

ഇടമലക്കുടിയില്‍ വരെ വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് ഭരണത്തില്‍ നടക്കുമോ.

കഴിഞ്ഞതവണ വിജയത്തിന് അടുത്തുവരെ എത്തിയെങ്കിലും വിജയിക്കാനായില്ല. ഇത്തവണ ആ ശങ്കയൊക്കെ മാറ്റിവച്ച് മാണി സി കാപ്പന് വോട്ടുചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ സി കെ ശശിധരന്‍ അധ്യക്ഷനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News