പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണ അഴിമതിയില്‍ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ കൂടുതല്‍ വെളിപ്പെട്ടതായി എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍.

മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യപ്രകാരം കരാറുകാരന്‌ നിയമവിരുദ്ധമായി കോടികള്‍ നല്‍കിയെന്ന്‌ പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജ്‌ തന്നെ കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇത്‌ അതീവ ഗൗരവമുള്ളതാണ്‌.

ക്രമക്കേടില്‍ അന്നത്തെ ഭരണ? രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക്‌ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ നടന്ന കടുംവെട്ട്‌ തീരുമാനത്തിന്റെ ഒരു ഭാഗം മാത്രമാണ്‌ പലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

പാലം നിര്‍മ്മാണസമയത്ത്‌ പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി.ഒ സൂരജ്‌. മന്ത്രിയുടെ വിശ്വസ്‌തനുമായിരുന്നു. വിജിലന്‍സ്‌ അറസ്‌റ്റുചെയ്‌ത സൂരജ്‌ റിമാന്റിലാണ്‌.

തുടര്‍ന്ന്‌ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലാണ്‌ 8.25 കോടിരൂപ മൊബിലേഷന്‍ അഡ്വാന്‍സ്‌ എന്ന പേരില്‍ കരാറുകാരന്‌ നല്‍കാന്‍ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞ്‌ ഉത്തരവിട്ടതായി സൂരജ്‌ വെളിപ്പെടുത്തിയത്‌.

ക്രമക്കേടിന്റെ എല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്‌ഥരില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാനായിരുന്നു മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ നീക്കം.

അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്‌തനായിരുന്ന ഉദ്യോഗസ്‌ഥനാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ തുറന്ന്‌ പറഞ്ഞിരിക്കുന്നതെന്ന്‌ കാണണം. അതും കോടതിയില്‍. അതിനാല്‍ ഇബ്രാഹിംകുഞ്ഞിന്‌ എതിരെ നിയമനടപടികള്‍ സ്വീകരിക്കണം.

ഒരു മന്ത്രി മാത്രം അറിഞ്ഞാണ്‌ വെട്ടിപ്പ്‌ നടന്നതെന്ന്‌ വിശ്വാസിക്കാനാകില്ല. അന്നത്തെ ഭരണനേതൃത്വത്തിനും രാഷ്ട്രീയ നേതൃത്വത്തിനും ഉത്തരവാദിത്തത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാകില്ല.

നിലവില്‍ നടക്കുന്ന വിജിലന്‍സ്‌ അന്വേഷണത്തിലൂടെ മുഴുവന്‍ പേരുടെയും പങ്ക്‌ പുറത്തുകൊണ്ടുവരണമെന്നും എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു