പോലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സലിംഗ് സംവിധാനം നിലവില്‍ വന്നു

പോലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും പൊതുജനങ്ങളോടുളള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുമായി കേരള പോലീസ് പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. മാനസിക സമ്മര്‍ദ്ദമുളള പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സലിംഗ് നല്‍കുന്നതിന് തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പിലെ ഹാറ്റ്‌സ് (ഹെല്‍പ് ആന്റ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്‌ട്രെസ്സ്) സെന്ററില്‍ സംവിധാനം ഒരുക്കി.

കൗണ്‍സലിംഗ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കാനും അര്‍ഹമായ യാത്രാബത്ത, ദിനബത്ത എന്നിവ നല്‍കാനും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഹാറ്റ്‌സ് മാതൃകയില്‍ കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങുന്നതിനുളള പ്രവര്‍ത്തനം നടന്നുവരുകയാണെന്നും അടുത്തമാസം തന്നെ സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദഗ്ദ്ധരായ മന:ശാസ്ത്രജ്ഞരുടേയും കൗണ്‍സലര്‍മാരുടെയും സേവനം ഇവിടെ ലഭ്യമാക്കും.

മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് യോഗ, ധ്യാനം, ശ്വസനവ്യായാമങ്ങള്‍ എന്നിവ ജോലിയോടനുബന്ധിച്ച് പോലീസ് സ്റ്റേഷനുകളില്‍ ക്രമീകരിക്കണം. ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുത്ത് മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനം പകരണം. എല്ലാ ജില്ലാ പോലീസ് മേധാവിമാരും മാസത്തില്‍ ഒരു മണിക്കൂറെങ്കിലും തങ്ങളുടെ കീഴില്‍ ജോലി നോക്കുന്ന ഉദ്യോഗസ്ഥരോട് നേരിട്ട് സംവദിക്കേണ്ടതും അവരുടെ പ്രശ്‌നങ്ങള്‍ കേട്ട് അവ ലഘൂകരിക്കുന്നതിനുളള ശ്രമങ്ങള്‍ നടത്തേണ്ടതുമാണ്.

വിദേശ രാജ്യങ്ങളില്‍ നിലവിലുളള ‘ബഡ്ഡി സിസ്റ്റം’ പോലെ ഒരു ഡ്യൂട്ടിക്ക് രണ്ടുപേരെ ഒരുമിച്ച് നിയോഗിക്കുവാന്‍ കഴിയുന്നതും ശ്രമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിലൂടെ പോലീസുദ്യോഗസ്ഥരുടെ ഇടയില്‍ സഹവര്‍ത്തിത്ത്വമനോഭാവം ഉണ്ടാകുകയും അതുവഴി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയുകയും ചെയ്യും.

പോലീസ് ജോലിക്ക് ആരോഗ്യമുളള ശരീരവും മനസും അത്യാവശ്യമായതിനാല്‍ പലതരം പരിശീലനങ്ങളിലൂടെ അവ നേടിയെടുക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരും ബറ്റാലിയന്‍ മേധാവിമാരും ശ്രദ്ധചെലുത്തണം. മാനസികമായും ശാരീരികമായും ചുറുചുറുക്കുളള ഉദ്യോഗസ്ഥരെ പ്രത്യേകം ആദരിക്കാന്‍ യൂണിറ്റ് മേധാവികള്‍ നടപടി സ്വീകരിക്കും. വര്‍ഷാവര്‍ഷം പോലീസുദ്യോഗസ്ഥര്‍ക്ക് ആരോഗ്യ പരിശോധന നടത്തും. ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് മാനസികോല്ലാസവും ആരോഗ്യവും നല്‍കുന്ന കായിക വിനോദങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here