ട്വന്റി20യിൽ ഇന്ത്യൻ മണ്ണിൽ ഇന്ത്യയോടു തോൽക്കാത്ത ഏക ടീമെന്ന റെക്കോർഡ് മൊഹാലിയിൽ ദക്ഷിണാഫ്രിക്ക കൈവിട്ടു.

ക്യാപ്റ്റന്റെ ഇന്നിങ്സുമായി വിരാട് കോലി മുന്നിൽനിന്നു പടനയിച്ച ആവേശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ട്വന്റി20 പരമ്പരയിൽ ഇന്ത്യ മുന്നിൽ.

രാജ്യാന്തര ട്വന്റി20യിലെ 22–ാം അർധസെഞ്ചുറിയുമായി കോലി തകർത്തടിച്ച മൽസരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണെടുത്തത്.

കോലിയുടെ അർധസെഞ്ചുറി മികവിൽ ആറു പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ വിജയത്തിലെത്തി. കോലി തന്നെ കളിയിലെ കേമൻ. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മൽസരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അവസാന മൽസരം ഞായറാഴ്ച നടക്കും.