ലോട്ടറി നികുതി: കേരളത്തിന്റെ നിലപാട് ശരി; നികുതി നിരക്കില്‍ അപാകതയില്ലെന്ന് നിയമോപദേശം

ലോട്ടറിക്കുള്ള ചരക്ക് സേവന നികുതിയില്‍ കേരളം സ്വീകരിച്ച നിലപാടിന് നിയമപരമായ അംഗീകാരം. ലോട്ടറിക്ക് നിലവിലുള്ള രണ്ട് നികുതി നിരക്കില്‍ അപാകതയില്ലെന്ന് അറ്റോര്‍ണി ജനറല്‍ ജിഎസ്ടി കൗണ്‍സിലിന് നിയമോപദേശം നല്‍കി. രണ്ട് നികുതി ഭരണഘടനാ ലംഘനമാണെന്ന ചില സംസ്ഥാനങ്ങളുടെ വാദം അറ്റോര്‍ണി ജനറല്‍ തള്ളി. ഇതില്‍ ഭരണഘടനാ ലംഘനമൊന്നുമില്ലെന്നാണ് നിയമോപദേശം.

ലോട്ടറിയെ രണ്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് നിലവിലെ ജിഎസ്ടി. സംസ്ഥാനം നേരിട്ട് നടത്തുന്നവയ്ക്ക് 12 ശതമാനവും സംസ്ഥാനം ചുമതലപ്പെടുത്തുന്ന ഏജന്‍സികള്‍ നടത്തുന്നവയ്ക്ക് 28 ശതമാനവും. സംസ്ഥാനം നേരിട്ട് നടത്തുന്ന ലോട്ടറിയുടെ ടിക്കറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കരുത്. എന്നാല്‍, ഏജന്‍സികള്‍ വഴിയുള്ള ലോട്ടറി ടിക്കറ്റുകള്‍ ഏത് സംസ്ഥാനത്തും വില്‍ക്കാം.

സംസ്ഥാനങ്ങള്‍ നേരിട്ട് നടത്തുന്ന ലോട്ടറിക്ക് സംരക്ഷണം വേണമെന്ന് ജിഎസ്ടി കൗണ്‍സിലില്‍ കേരളത്തിനുവേണ്ടി ധനമന്ത്രി ടി എം തോമസ് ഐസക് ശക്തമായ നിലപാടെടുത്തു. ഇതില്‍നിന്നുള്ള വരുമാനം സാമൂഹ്യ സുരക്ഷാ ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നത് ചുണ്ടിക്കാട്ടിയായിരുന്നു കേരളത്തിന്റെ നിലപാട്.

ഏജന്‍സികള്‍ വഴിയുള്ള ലോട്ടറി വെറും ചൂതാട്ടം മാത്രമാണെന്നും കേരളം വാദിച്ചു. ഇതിലൂടെ നടക്കുന്ന കൊള്ളയും തുറന്നുകാട്ടി. തുടര്‍ന്നാണ് സംസ്ഥാനം നേരിട്ട് നടത്തുന്ന നികുതിക്ക് 12 ശതമാനവും, ഏജന്‍സികള്‍ വഴിയുള്ള ലോട്ടറിക്ക് 28 ശതമാനവും നികുതി തീരുമാനിച്ചത്.

അസം, സിക്കിം, നാഗാലാന്‍ഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ നികുതി ഘടനയ്ക്കെതിരെ നിരന്തരം പ്രവര്‍ത്തിച്ചു. എല്ലാ ലോട്ടറിക്കും 12 ശതമാനം നികുതി ആവശ്യം ജിഎസ്ടി കൗണ്‍സിലില്‍ ഇവര്‍ ഉന്നയിച്ചു. ലോട്ടറി ചൂതാട്ടം നയിക്കുന്ന മാഫിയയുടെ സമ്മര്‍ദ്ദമായിരുന്നു കാരണം. ഏജന്‍സികള്‍ നടത്തുന്ന ലോട്ടറിക്ക് നികുതി കുറയ്ക്കാനും ഏകീകരിക്കാനുമുള്ള നീക്കം ശക്തമായതോടെ കേരളം ഇടപെടല്‍ ശക്തമാക്കി.

സംസ്ഥാനം നടത്തുന്ന ലോട്ടറിയില്‍ കേന്ദ്ര ലോട്ടറി നിയമത്തിന്റെ എല്ലാ വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നതും കേരളം ചുണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങളുടെ ഏജന്‍സികള്‍ എല്ലാ വ്യവസ്ഥകളും കാറ്റില്‍ പറത്തുന്നതും ബോധ്യപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളും കേരളത്തെ പിന്തുണച്ചതോടെയാണ് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സ്വീകരിച്ചത്.

ലോട്ടറി നികുതി ഘടനയില്‍ മാറ്റംവേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണ്. അധാര്‍മിക ചരക്കുകളുടെ (സിന്‍ ഗുഡ്സ്) വിഭാഗത്തില്‍പ്പെട്ടതിനാല്‍ ലോട്ടറിക്ക് ഉയര്‍ന്ന നികുതി ഈടാക്കാമെന്ന നിര്‍ദേശവും അറ്റോര്‍ണി ജനറല്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News