മരട്: നഗരസഭാ നോട്ടീസിനെതിരെ ഫ്‌ലാറ്റുടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഫ്‌ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭാ സെക്രട്ടറി നല്‍കിയ നോട്ടീസിന് എതിരെ ഫ്‌ലാറ്റുടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സെക്രട്ടറി നല്‍കിയ നോട്ടീസിലെ അപാകതകളും നിയമവിരുദ്ധമായ പരാമര്‍ശങ്ങളും കോടതിയെ ബോധിപ്പിക്കാനാണ് ഫ്‌ലാറ്റുടമകളുടെ തീരുമാനം.

സുപ്രീംകോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി മരടിലെ അഞ്ച് ഫ്‌ലാറ്റുകളില്‍ ഈ മാസം പത്തിനാണ് മരട് നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ നോട്ടീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ലാറ്റുടമകള്‍ ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കുന്നത്. നഗരസഭാ സെക്രട്ടറി നോട്ടീസ് ഫ്‌ലാറ്റ് നിര്‍മ്മാതാക്കളുടെ പേരിലാണ് നല്‍കിയിരിക്കുന്നത്.

തങ്ങളോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ട് ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്ക് നോട്ടീസ് നല്‍കിയ സെക്രട്ടറിയുടെ നടപടി നിയമവിരുദ്ധമാണെന്നാണ് ഫ്‌ലാറ്റ് ഉടമകള്‍ പറയുന്നത്. സുപ്രീംകോടതി വിധി പ്രകാരം ഉടമകളെ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഉത്തരവില്‍ പറയാത്ത കാര്യം നടപ്പാക്കാനുള്ള സെക്രട്ടറിയുടെ നീക്കം നിയമവിരുദ്ധമാണെന്നും ഫ്‌ലാറ്റ് ഉടമകള്‍ക്ക് ആക്ഷേപമുണ്ട്. നിയമ വിരുദ്ധമായ ഈ നോട്ടീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതില്‍ നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഫ്‌ലാറ്റ് ഉടമകളുടെ ഹര്‍ജി.

ഇന്നലെയാണ് ഹര്‍ജി നല്‍കാന്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഇന്നത്തേക്ക് നല്‍കാന്‍ ഫ്‌ലാറ്റ് ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ഫ്‌ലാറ്റുകളില്‍ നിന്ന് ഉടമകളെ ഒഴിപ്പിക്കുന്നതും ഫ്‌ലാറ്റ് പൊളിക്കുന്നതുമായ നടപടികള്‍ നഗരസഭ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം സ്വീകരിച്ച നിലപാടിന്റെ പാശ്ചാതലത്തിലാണ് നഗരസഭയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News