നാമ നിര്‍ദ്ദേശ പത്രിക തളളിയതിനെതിരെ യൂണിവേഴ്‌സിറ്റി കോളേജിലെ കെഎസ് യു എസ്എഫ്‌ഐ എഐഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ അപ്പീലില്‍ ഇന്ന് പ്രിന്‍സിപ്പല്‍ അദ്ധ്യക്ഷനായ കമ്മറ്റി വാദം കേള്‍ക്കും. സമര്‍പ്പിച്ച പത്രികയില്‍ പിഴവുകള്‍ ഉളളതിനാലാണ് സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തളളിയത്.

യൂണിവേഴ്‌സിറ്റി കോളേജിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജനറല്‍ സീറ്റിലേക്ക് നാമനിര്‍ദ്ദേശ പത്രികള്‍ സമര്‍പ്പിച്ച കെഎസ് യു, എഐഎസ്എഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികള്‍ ആണ് മുഖ്യവരണാധികാരി തളളിയത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്ടസ് ക്ലബ് സെക്രട്ടറി,  മാഗസിന്‍ എഡിറ്റര്‍, യുണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നീ സീറ്റുകളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്ന കെഎസ് യു,  എഐഎസ്എഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികള്‍ ആണ് തളളിയതിലധികവും.

എസ്എഫ്‌ഐയുടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് പത്രിക നല്‍കിയ ഒരു വിദ്യാര്‍ത്ഥിയുടെ പത്രികയും തളളിയതില്‍ ഉള്‍പെടുന്നു. ‘ദി’ എന്ന ഇംഗ്ലീഷ് അക്ഷരം ഒഴിവാക്കിയാണ് കെഎസ് യു, എഐഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഇത് ചട്ടലംഘനമാണെന്ന് സൂക്ഷ്മപരിശോധനയില്‍ എതിര്‍വിഭാഗം വാദം ഉന്നയിച്ചതോടെയാണ് വരണാധികാരി പത്രികകള്‍ കൂട്ടത്തോടെ തളളിയത്.

എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയ വിദ്യാര്‍ത്ഥിയുടെ ഐഡി കാര്‍ഡില്‍ പ്രിന്‍സിപ്പാളിന്റെ ഒപ്പ് ഉണ്ടായിരുന്നെങ്കിലും കോളേജിന്റെ ഔദ്യോഗിക സീല്‍ ഇല്ലെന്ന കാരണം കൊണ്ട് ആ പത്രികയും തളളി. എസ്എഫ്‌ഐയുടെ ഇടപെടലാണ് പത്രിക തളളാന്‍ കാരണമെന്ന് കെഎസ് യു യൂണിറ്റി പ്രസിഡന്റ് അമല്‍ ചന്ദ്ര ആരോപിച്ചു. എന്നാല്‍ പത്രിക പോലും പൂരിപ്പിക്കാന്‍ അറിയാത്തതിന് എസ്എഫ്‌ഐയെ കുറ്റം പറയുന്നത് എന്തിനെന്ന് എസ്എഫ്‌ഐ യൂണിറ്റ് കണ്‍വീനര്‍ റിയാസ് പുളിമാത്ത് ചോദിച്ചു.

കോളേജിലെ ഒന്നാം വര്‍ഷ പ്രതിനിധിയായി എസ്എഫ്‌ഐ പാനലില്‍ നിന്ന് ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയായ അരുണിമ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടക്കുന്ന അപ്പീലില്‍ തങ്ങളുടെ പത്രികള്‍ സ്വീകരിക്കണമെന്ന് ഇരുവിഭാഗവും ശക്തമായി ആവശ്യപ്പെടുമെന്നാണ് സൂചന.