തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡുവില്‍ ഇനി കൊല്ലത്തെ കശുവണ്ടി പരിപ്പും. ലഡു നിര്‍മാണത്തിനായി കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് കശുവണ്ടി വാങ്ങാന്‍ ഇരുസംസ്ഥാനങ്ങളും തമ്മില്‍ ധാരണയായി. പ്രതിവര്‍ഷം ഏകദേശം 1000 ടണ്‍ കശുവണ്ടി പരിപ്പ് കൊല്ലത്ത് നിന്ന് തിരുപ്പതി ദേവസ്വം കൊണ്ടുപോകും.

കൊല്ലത്തെ ബോര്‍മ കശുവണ്ടിപരിപ്പിന്റെ രുചി തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിലും നിറയും. സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍, ക്യാപെക്‌സ് എന്നിവിടങ്ങളില്‍ നിന്ന് കശുവണ്ടി വാങ്ങാനുള്ള ധാരണാപത്രം കേരളവും ആന്ധ്രപ്രദേശും തമ്മില്‍ ധാരണയായി. ദിവസേന നാല് ലക്ഷത്തോളം ലഡുവാണ് തിരുപ്പതി ക്ഷേത്രത്തില്‍ ഉല്‍പാദിപ്പിക്കുന്നത്.

മാസം തോറും 90 ടണ്‍ കശുവണ്ടി പരിപ്പെങ്കിലും ഇതിനായി വേണ്ടിവരും. വര്‍ഷത്തില്‍ ഏകദേശം 1000 ടണ്‍ കശുവണ്ടി പരിപ്പ് തിരുപ്പതിയിലേക്ക് കയറ്റി അയക്കാമെന്നാണ് പ്രതീക്ഷ. തകര്‍ച്ചയിലായ കശുവണ്ടി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നതാണ് പുതിയ കരാറെന്ന് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ പറഞ്ഞു.

ക്യാഷൂ ബോര്‍ഡാണ് പുതിയ കരാര്‍ നടപടിക്ക് പിന്നില്‍. കിലോയ്ക്ക് 669 രൂപ നിരക്കില്‍ കശുവണ്ടി പരിപ്പ് കയറ്റി അയക്കാനാണ് തീരുമാനം. മൂന്നു മാസം കൂടുമ്പോള്‍ വില പുതുക്കി നിശ്ചയിക്കാനുള്ള നിബന്ധനയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.