ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിലേക്ക് നടന്ന പുനര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. പതിറ്റാണ്ടുകളായി ഇസ്രായേലി രാഷ്ട്രീയത്തില്‍ അതികായനായ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പതനത്തിന്റെ തുടക്കമായേക്കാം ഫലമെന്നാണ് സൂചന. 69.4 ശതമാനം പേരാണ് വോട്ട് ചെയ്തത്.

90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 120 അംഗ നെസറ്റില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ടിക്ക് 31 സീറ്റ് മാത്രമാണുള്ളത്. മുഖ്യപ്രതിയോഗിയായ മുന്‍ സേനാ തലവന്‍ ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ടിക്ക് 32 സീറ്റുണ്ട്. വലതുപക്ഷ, യാഥാസ്ഥിതിക കക്ഷികള്‍ ചേര്‍ന്ന ലിക്കുഡിന്റെ സഖ്യത്തിന് 55 സീറ്റും മധ്യപക്ഷ ബ്ലൂ ആന്‍ഡ് വൈറ്റ് സഖ്യത്തിന് 56 സീറ്റുമുണ്ട്. ഭൂരിപക്ഷത്തിന് 61 സീറ്റ് വേണമെന്നിരിക്കെ അവിഗ്ദോര്‍ ലീബര്‍മാന്റെ ഇസ്രയേല്‍ ബൈയ്തനു പാര്‍ടി നിര്‍ണായകമാകും. ഒമ്പത് സീറ്റ് ഇവര്‍ക്കുണ്ട്.

മതേതര ലിബറല്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ലീബര്‍മാന്റെ ആവശ്യം നെതന്യാഹുവിനെ തടയാന്‍ ലക്ഷ്യമിട്ടുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടുകളോളം നെതന്യാഹുവിന്റെ ഉറ്റ മിത്രമായിരുന്ന ലീബര്‍മാന്‍ അധികകാലമായിട്ടില്ല എതിര്‍പക്ഷത്തായിട്ട്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പിനുശേഷം ലീബര്‍മാന്‍ ലിക്കുഡ് സഖ്യ സര്‍ക്കാരില്‍ ചേരാന്‍ വിസമ്മതിച്ചതോടെയാണ് ഭൂരിപക്ഷമില്ലാതെ പാര്‍ലമെന്റ് പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നെതന്യാഹു നിര്‍ബന്ധിതനായത്.

അറബ് പാര്‍ടികളുടെ ജോയിന്റ് ലിസ്റ്റിന് 13 സീറ്റ് ലഭിച്ചിട്ടുണ്ട്. ഐക്യ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടാല്‍ അതിന്റെ നേതാവ് അയ്മാന്‍ ഒദെ ക്യാബിനറ്റ് പദവിക്ക് തുല്യമായ പ്രതിപക്ഷ നേതാവാകാന്‍ സാധ്യതയുണ്ട്. ആദ്യമായിട്ടായിരിക്കും ഒരു അറബ് നേതാവ് ഇസ്രയേല്‍ പ്രതിപക്ഷ നേതാവാകുന്നത്. മുമ്പ് 84ലാണ് സഖ്യ സര്‍ക്കാര്‍ ഉണ്ടായത്. നെതന്യാഹുവിനെ അംഗീകരിക്കില്ലെന്ന് മറ്റ് പ്രധാന കക്ഷികളുടെ നേതാക്കള്‍ വ്യക്തമാക്കിയതിനാല്‍ ഐക്യ സര്‍ക്കാരിനുവേണ്ടി ലിക്കുഡില്‍നിന്ന് മറ്റാരെങ്കിലും നെതന്യാഹുവിനെതിരെ രംഗത്ത് വന്നേക്കാം.

പ്രസിഡന്റ് റ്യൂവെന്‍ റിവ്ലിന്‍ ചര്‍ച്ചകള്‍ക്കുശേഷം സര്‍ക്കാര്‍ രൂപീകരണത്തിന് ആരെ വിളിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് ലോകം. പരാജയം വ്യക്തമായിട്ടും അത് നെതന്യാഹു സമ്മതിച്ചില്ല. സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അമേരിക്ക ഇടപെട്ടാല്‍മാത്രമേ അതിന് സാധ്യതയുള്ളൂ എന്നാണ് സൂചന.