രണ്ടാം മോദി സര്‍ക്കാരിന് നൂറു ദിവസം തികയുമ്പോള്‍ പ്രകാശ് കാരാട്ടിന്റെ വിശകലനം; വന്‍കിട ബിസിനസ്സുകാരുടെയും വിദേശ ഫിനാന്‍സ് മൂലധനത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരാണിത്

രണ്ടാം മോഡി സര്‍ക്കാരിന് നൂറുദിവസം തികയുമ്പോള്‍ ഒരു കാര്യം വളരെ വ്യക്തമായിരിക്കുന്നു. അതെന്തെന്നാല്‍, തൊഴിലാളികളുടെയും കര്‍ഷകരുടെയും നാട്ടുമ്പുറങ്ങളിലെ ദരിദ്രരുടെയും താണ വരുമാനക്കാരുടെയും ചെലവില്‍, വന്‍കിട ബിസിനസ്സുകാരുടെയും വിദേശ ഫിനാന്‍സ് മൂലധനത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സര്‍ക്കാരാണ് ഇത് എന്നുതന്നെ.

ഗുരുതരമായ സാമ്പത്തികമാന്ദ്യത്തെ മറികടക്കുന്നതിന് സര്‍ക്കാര്‍ കണ്ടെത്തുന്ന മാര്‍ഗംതന്നെ, അതിന്റെ വര്‍ഗപരമായ പക്ഷപാതിത്വം വെളിപ്പെടുത്തുന്നുണ്ട്. സമ്പദ് വ്യവസ്ഥയുടെ സമസ്ത മേഖലയിലുമുള്ള തൊഴില്‍ നഷ്ടത്തിന്റെ വാര്‍ത്തകളാണ് നിത്യേന വരുന്നത്. ഓട്ടോമൊബൈല്‍ വ്യവസായം, നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, റോഡ് ഗതാഗതം, ഐടി മേഖല എന്നിങ്ങനെ എല്ലാ തുറകളിലും സ്ഥിതിയിതാണ്.

നിലവിലുള്ള ക്രമാതീതമായ തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തില്‍ വേണം ഈ തൊഴില്‍നഷ്ടത്തെ നോക്കിക്കാണാന്‍. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി(സിഎംഐഇ)യുടെ ഏറ്റവും അവസാനത്തെ വിവരങ്ങളനുസരിച്ച് പ്രതിമാസ തൊഴിലില്ലായ്മനിരക്ക് ആഗസ്തില്‍ 8.37 ശതമാനമായി ഉയര്‍ന്നു.

വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ
സാമ്പത്തികപ്രതിസന്ധിയുടെ ഗുരുതരസ്വഭാവം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ചോദനത്തകര്‍ച്ചയില്‍നിന്നാണ് അത് രൂപംകൊണ്ടത്. സമ്പദ്വ്യവസ്ഥയുടെ സകല മേഖലയിലും ഡിമാന്റ് കുറഞ്ഞുവരികയാണ്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും യഥാര്‍ഥ വേതനവര്‍ധനയിലെ ഇടിവും കര്‍ഷകരുടെ താഴ്ന്ന വരുമാനവും കാരണം ജനങ്ങളുടെ വാങ്ങല്‍ കഴിവ് ചുരുങ്ങുന്നു. പ്രധാന തൊഴില്‍ദാതാക്കളായ ഇടത്തരം, ചെറു, മൈക്രോ സംരംഭങ്ങളെ നോട്ട് റദ്ദാക്കലും ജിഎസ്ടി അടിച്ചേല്‍പ്പിക്കലും സാരമായി പിറകോട്ടടിപ്പിച്ചിരിക്കുന്നു.

ഓട്ടോമൊബൈല്‍ വ്യവസായത്തിലും മറ്റു മേഖലകളിലുമുള്ള തൊഴില്‍നഷ്ടത്തിന്റെ കാര്യം മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായിട്ടുണ്ട്. സമ്പദ്വ്യവസ്ഥയില്‍ ഉപഭോഗത്തിനുള്ള ഡിമാന്റ് കുറയ്ക്കാനാണ് തൊഴില്‍നഷ്ടം ഇടവരുത്തുക. പക്ഷേ, വേണ്ടത്ര ഊന്നല്‍ നല്‍കാത്ത കാര്യം ഗ്രാമീണ മേഖലയിലെ ചോദനത്തകര്‍ച്ചയുടേതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്‌കറ്റ് നിര്‍മാണക്കമ്പനിയായ പാര്‍ലെ പറയുന്നത്, അഞ്ച് രൂപയ്ക്ക് വില്‍ക്കുന്ന ബിസ്‌കറ്റിന്റെ വില്‍പ്പനപോലും പിറകോട്ടടിച്ചിരിക്കുന്നു എന്നാണ്. ഗ്രാമീണ മേഖലയില്‍ ഉപഭോക്തൃസാധനങ്ങളുടെ ചില്ലറവ്യാപാരവും ഗണ്യമായി ഇടിയുന്നതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള കച്ചവടക്കാര്‍ പരാതിപ്പെടുന്നത് പരിപ്പിന്റെ വില്‍പ്പനയിലുള്ള ഇടിവിനെക്കുറിച്ചാണ്.

അതുകൊണ്ട് അടിയന്തരമായി വേണ്ടത് പൊതുനിക്ഷേപവും പൊതു ചെലവിടലും വര്‍ധിപ്പിക്കാനുള്ള നടപടികളാണ്. അതുവഴി ജനങ്ങളുടെ കൈയില്‍ കാശെത്തും. അത് സാധാരണ ഉപഭോഗസാധനങ്ങളുടെ ചോദനം വര്‍ധിക്കാന്‍ ഇടവരുത്തുകയും ചെയ്യും. പശ്ചാത്തലമേഖലയിലെ സര്‍ക്കാര്‍ ചെലവിടല്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പോലുള്ള പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവ് ചെയ്താല്‍, അത് ഗ്രാമീണദരിദ്രര്‍ക്ക് കാശെത്തിക്കും; അവര്‍ക്കതുകൊണ്ട് അത്യാവശ്യസാധനങ്ങള്‍ വാങ്ങാനുമാകും. പക്ഷേ, മോഡി സര്‍ക്കാര്‍ ഇതൊന്നും ചെയ്യുന്നില്ല. പകരം, സ്വകാര്യനിക്ഷേപത്തെ പ്രചോദിപ്പിക്കാനും വിദേശ മൂലധനത്തെ ആകര്‍ഷിക്കാനുമായുള്ള നടപടികള്‍ക്കുള്ള ഫണ്ടുകള്‍ പ്രഖ്യാപിക്കുകയാണ്.

ഇതുവരെ പ്രഖ്യാപിച്ച നടപടികളാകട്ടെ, പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങള്‍ക്കുള്ള സൗജന്യങ്ങളാണ്. അവയുടെ ലാഭത്തിന്മേല്‍ നേരത്തെ ഉണ്ടായിരുന്ന സര്‍ചാര്‍ജ് പിന്‍വലിച്ചു. ചില്ലറവ്യാപാര മേഖലയില്‍ ഒറ്റ ബ്രാന്‍ഡിലുള്ള വിദേശ പ്രത്യക്ഷനിക്ഷേപത്തിന്റെ വ്യവസ്ഥകള്‍ ലഘൂകരിച്ചിരിക്കുന്നു; കല്‍ക്കരി ഖനനത്തിലും മറ്റുമുള്ള വിദേശ പ്രത്യക്ഷനിക്ഷേപം 100 ശതമാനമാക്കിയിരിക്കുന്നു. ഇതോടൊപ്പം, 20,000 കോടിയുടെ ഫണ്ടാണ് റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. 70,000 കോടി ബാങ്കുകള്‍ വഴിയുള്ള വായ്പയും 50,000 കോടി കയറ്റുമതി പ്രോത്സാഹനപദ്ധതിയും പ്രഖ്യാപിച്ചിരിക്കുന്നു. ഇതൊക്കെ ചില കമ്പനികള്‍ക്ക് കരകയറാനും വിദേശ ധനസ്ഥാപനങ്ങള്‍ക്ക് ലാഭം വാരാനും സഹായകമായേക്കും. പക്ഷേ, അതൊന്നുംതന്നെ സമ്പദ്വ്യവസ്ഥയുടെ മുഖ്യ പ്രശ്‌നമായ ചോദനത്തിന്റെ കാര്യത്തില്‍ ഒരു പ്രതിവിധിയുമാകില്ല.

കോര്‍പറേറ്റുകള്‍ക്കും വിദേശ ഫിനാന്‍സ് മൂലധനത്തിനും വലിയ സൗജന്യങ്ങള്‍ വാരിവിതറുന്ന മോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്കുനേരെ തോക്ക് ചൂണ്ടുകയാണ്. രണ്ട് സംഭവങ്ങള്‍ നോക്കിയാല്‍മതി, കാര്യം വ്യക്തമാകാന്‍. രാജ്യത്ത് നിലവിലുള്ള വിവിധ തൊഴില്‍നിയമങ്ങള്‍ മാറ്റി പകരമായി പാര്‍ലമെന്റ് അംഗീകരിച്ച വേതനക്കോഡ് പ്രകാരം ഒരു ദേശീയ മിനിമംവേതനം പ്രഖ്യാപിക്കേണ്ടതുണ്ട്. സര്‍ക്കാരിനെയാണ് അത് നിശ്ചയിക്കാന്‍ ചുമതലപ്പെടുത്തിയത്.

ദിവസങ്ങള്‍ക്കകം, തൊഴില്‍ മന്ത്രാലയം മിനിമം വേതനമായി 178 രൂപ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേതിലും രണ്ടുരൂപ കൂടുതല്‍! നാല് ശതമാനം നാണയപ്പെരുപ്പമുള്ള ഒരു നാട്ടില്‍ ഈ മിനിമം കൂലി, യഥാര്‍ഥ വേതനത്തില്‍ ഇടിവാണ് വരുത്തിത്തീര്‍ക്കുക. തൊഴില്‍ മന്ത്രാലയത്തിന്റെതന്നെ കീഴിലുള്ള ഒരു സമിതി (സത്പതി കമ്മിറ്റി ) 2018 ലേക്ക് നിര്‍ണയിച്ച 375 രൂപയുടെ നേര്‍ പകുതിയാണിത്! വന്‍കിട ബിസിനസ്സിനെ ആശ്വസിപ്പിക്കുന്നതിനായി ദേശീയ മിനിമം വേതനത്തെ സര്‍ക്കാര്‍ ഇങ്ങനെ താഴ്ത്തിക്കെട്ടുന്നത് കൂലി കുറയാനും അതുവഴി വാങ്ങല്‍ക്കഴിവ് കുറയാനും ചോദനം ഇടിയാനും വഴിയൊരുക്കും.

രണ്ടാമത്തെ ഉദാഹരണം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഇതിനായുള്ള ഫണ്ട് മോഡി സര്‍ക്കാര്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങളെ കേന്ദ്രം നിര്‍ബന്ധിക്കുന്നത് കുറഞ്ഞ ദിവസം മാത്രം തൊഴില്‍ കൊടുക്കാനാണ്. 2017—18 കാലത്ത് നല്‍കിയ തൊഴില്‍, ആവശ്യമുണ്ടായിരുന്നതിനേക്കാള്‍ 32 ശതമാനം കുറവായിരുന്നു. ഈ നില തുടരുകയാണ്. മാത്രവുമല്ല, സര്‍ക്കാര്‍ കൂലിക്കുടിശ്ശിക നിഷേധിക്കുകയുമാണ്.

തൊഴിലാളികളുടെ എണ്ണം കുറയുന്നതും അവര്‍ക്കുതന്നെ വേണ്ടത്ര തൊഴില്‍ദിനം കിട്ടാത്തതുമാണ് ഗ്രാമീണ മേഖലയിലെ വേതനസ്തംഭനത്തിന്റെ മുഖ്യ കാരണം. ഇത് ചോദനത്തെ ബാധിക്കും. തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും സംസ്ഥാന ഗവണ്‍മെന്റുകള്‍ പരമാവധി തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കി വേതനം നല്‍കുകയും ചെയ്താല്‍ അത് ഗ്രാമീണ മേഖലയിലെ ഡിമാന്റ് വര്‍ധനയ്ക്ക് ഇടവരുത്തും. പക്ഷേ, ഇതു ചെയ്യാനല്ല മോഡി സര്‍ക്കാരിന്റെ ഉദ്ദേശ്യം. തൊഴിലുറപ്പ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയായ 61,084 കോടി രൂപ 2019– -20 ബജറ്റില്‍ 60,000 കോടിയാക്കി വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

തെരുവിലിറങ്ങി പ്രതിഷേധിക്കാനുള്ള സമയം
സ്വകാര്യമേഖലയ്ക്ക് വളരാനുള്ള ഒത്താശകള്‍ ചെയ്തു കൊണ്ടിരിക്കെ, സര്‍ക്കാര്‍ ചെലവ് വെട്ടിച്ചുരുക്കുന്നതിന് ആജ്ഞാപിക്കുന്ന നിയോലിബറല്‍നയങ്ങള്‍ അന്ധമായി നടപ്പാക്കാന്‍ ബാധ്യസ്ഥനാണ് മോഡി. അതുകൊണ്ടാണ് സമസ്ത മേഖലയിലും സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നത്. ഇത്തരം നയങ്ങള്‍ തുടരുന്നിടത്തോളം, ഇന്നത്തെ മാന്ദ്യത്തിന്റെയും പ്രതിസന്ധിയുടെയും കാലത്ത് ജനങ്ങള്‍ക്ക് ഒരാശ്വാസവും ലഭിക്കാന്‍പോകുന്നില്ല.

തൊഴിലെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം, തെരുവിലിറങ്ങി പ്രതിഷേധിക്കാനുള്ള സമയമാണിത്. ഇതിനകംതന്നെ ഓര്‍ഡിനന്‍സ് ഫാക്ടറിത്തൊഴിലാളികളുടെ അഞ്ചുദിവസത്തെ പണിമുടക്കം നാം കണ്ടു. സെപ്തംബര്‍ 24 ന് കല്‍ക്കരിത്തൊഴിലാളികള്‍ പണിമുടക്കുകയാണ്. ലയനങ്ങള്‍ക്കെതിരെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കത്തിന് തയ്യാറെടുക്കുകയാണ്. മേഖലാടിസ്ഥാനത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്കും പണിമുടക്കങ്ങള്‍ക്കുംപുറമെ, മോഡി സര്‍ക്കാരിന്റെ ദ്രോഹകരമായ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടും കര്‍ഷകരുടെയും തൊഴിലാളികളുടെയും വരുമാനം വര്‍ധിപ്പിക്കുന്നതിനും അതുവഴി വാങ്ങല്‍ക്കഴിവും ചോദനവും ഉയര്‍ത്തുന്നതിനും പറ്റിയ ബദല്‍നയങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടും കൂടുതല്‍ വിപുലമായ അണിചേരല്‍ ഉണ്ടാകേണ്ടതുണ്ട്.

ആസന്നമായ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പറ്റിയ നയങ്ങളും മുദ്രാവാക്യങ്ങളും രൂപപ്പെടുത്താനായി ഇടതുപക്ഷ കക്ഷികള്‍ സെപ്തംബര്‍ 20ന് ന്യൂഡല്‍ഹിയില്‍ ഒരു കണ്‍വന്‍ഷന്‍ ചേരുന്നുണ്ട്. കണ്‍വന്‍ഷന്‍, ആ ഡിമാന്റുകളെ മുന്‍നിര്‍ത്തി ഒരു ജനകീയ മുന്നേറ്റം വളര്‍ത്തിയെടുക്കാനുള്ള ആഹ്വാനം മുന്നോട്ടു വയ്ക്കും. തൊഴിലും ഉപജീവനവും സാമൂഹ്യക്ഷേമ നടപടികളും സംരക്ഷിക്കുന്നതിനായുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഇടതുകക്ഷികളുടെ ആ മാര്‍ഗദര്‍ശനം പ്രയോജനപ്പെടുത്താനാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News