വിക്രമിന്റെ ആയുസ്സ് തീരുന്നു; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

വിക്രം ലാന്‍ഡറിനെ ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല. ചന്ദ്രോപരിതലത്തില്‍ കഴിഞ്ഞ 7ന് ഇടിച്ചിറങ്ങിയ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ബാറ്ററിയുടെ ആയുസ്സ് നാളെ വരെയാണ്. പ്രതീക്ഷ മങ്ങിയതായാണ് ഐഎസ്ആര്‍ഒ നല്‍കുന്ന സൂചന.

സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തേണ്ടിയിരുന്നുത്. എന്നാല്‍ ലാന്‍ഡിംഗിന്റെ അവസാന ഘട്ടത്തില്‍ വിക്രമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പതിനാല് ദിവസമാണ് വിക്രം ലാന്‍ഡറിന്റെ നിശ്ചയിക്കപ്പെട്ടിരുന്ന പ്രവര്‍ത്തി സമയം.

ഭൂമിയിലെ പതിനാല് ദിവസമാണ് ചന്ദ്രനിലെ ഒരു പകലിന്റെ ദൈര്‍ഘ്യം അത് കഴിഞ്ഞാല്‍ പതിനാല് ദിവസം നീളുന്ന രാത്രിയാണ്. ചാന്ദ്ര പകലിന്റെ തുടക്കം കണക്ക് കൂട്ടിയാണ് ഇസ്രൊ സെപ്റ്റംബര്‍ ഏഴിന് തന്നെ വിക്രമിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ പദ്ധതിയിട്ടത്. പതിനാല് ദിവസങ്ങള്‍ അവസാനിക്കുന്നതോടെ ഇവിടെ സൂര്യപ്രകാശം കിട്ടാതാകും. പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന വിക്രമിന്റെ ആയുസ് ഇതോടെ അവസാനിക്കും.

പതിനാല് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സൂര്യപ്രകാശം കിട്ടിയാലും ചന്ദ്രന്റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല. അതുകൊണ്ട് തന്നെ ഈ ദിവസങ്ങള്‍ കൊണ്ട് വിക്രമുമായി ബന്ധം സ്ഥാപിക്കാനായില്ലെങ്കില്‍ ആ പ്രതീക്ഷ അവിടെ അവസാനിക്കും

നാസയുടെ ലൂണാര്‍ റിക്കൊണിസന്‍സ് ഓര്‍ബിറ്റര്‍ ചന്ദ്രയാന്‍ രണ്ട് ലാന്‍ഡിംഗ് സൈറ്റിന് മുകളിലൂടെ കടന്ന് പോയെങ്കിലും ചിത്രങ്ങള്‍ ലഭിച്ചില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഇത് വരെയുണ്ടായിട്ടില്ല. ഇതിനിടെ പിന്തുണച്ച എല്ലാവര്‍ക്കും ഐഎസ്ആര്‍ഒ സമൂഹ മാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞു. ലോകമെമ്പാടുമള്ള ഇന്ത്യക്കാരുടെ സ്വപ്നങ്ങളുടെ പിന്തുണയുമായി മുന്നോട്ട് പോകുമെന്നും ഇസ്രൊ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News