അഴിമതി രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റും. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നാല് വര്‍ഷം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രാജ്യത്ത് ആദ്യമായി പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയത് കേരള സര്‍ക്കാരാണ്. കേരളത്തിന് കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്നും പ്രളയ സമയത്ത് ന്യായമായ അര്‍ഹമായ സഹായം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഴിമതിയും ജീര്‍ണ്ണതയും ബാധിച്ച ഒരു കാലമായിരുന്നു യുഡിഎഫ് ഭരണകാലം. ദുഷിച്ച് നാറിയ കാലമായിരുന്നു അത്. ജനവിരുദ്ധ അന്താരാഷ്ട്ര കരാറുകള്‍ നടപ്പാക്കുന്നതില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഓരേ നയമാണ്. യുഡിഎഫിന്റെ കെടുകാര്യസ്ഥത നാടിന്റെ പുരോഗതിയെ ബാധിച്ചു.