ചാമ്പ്യന്‍സ് ലീഗില്‍ യൂറോപ്പിലെ വമ്പന്മാര്‍ക്ക് കാലിടറുന്നു. അവസാന മിനിട്ടിലെ ഗോളില്‍ അത്‌ലറ്റികോ മാഡ്രിഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിനെ സമനിലയില്‍ തളച്ചപ്പോള്‍, റയല്‍ മാഡ്രിഡിനെ പൊരുതുവാന്‍ പോലും ഇടം നല്‍കാതെ മുന്നിര താരങ്ങളില്ലാതെ കളത്തിലിറങ്ങിയ പി എസ് ജി പൂട്ടി.

രണ്ടു ഗോളിന് മുന്നിലെത്തിയ ശേഷമാണ് യുവെ സമനില വഴങ്ങിയത്. 90-ാം മിനിറ്റില്‍ ഹെക്ടര്‍ ഹെരേരയുടെ ഹോഡര്‍ ഗോളിലാണ് അത്ലറ്റിക്കോ സമനിലയുമായി രക്ഷപ്പെട്ടത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ഗോളുകളെല്ലാം പിറന്നത്. ക്രിസ്റ്റ്യാനോയുടെ ബൂട്ടുകള്‍ നിശബ്ദമായ മത്സരത്തില്‍ 48-ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്റെ പാസില്‍ നിന്ന് യുവാന്‍ ക്വാഡ്രാഡോ യുവെന്റസിനെ മുന്നിലെത്തിച്ചു. 65-ാം മിനിറ്റില്‍ ബ്ലെയ്സ് മറ്റിയുഡിയിലൂടെ യുവെ ലീഡുയര്‍ത്തി.

ഇതോടെ ഉണര്‍ന്നു കളിച്ച അത്ലറ്റിക്കോ 70-ാം മിനിറ്റില്‍ തിരിച്ചടിച്ചു. സ്റ്റെഫാന്‍ സാവിച്ചാണ് ഗോള്‍ നേടിയത്. ഇതിനിടെ ഗോള്‍ കീപ്പര്‍ ഒബ്ലാക്കിന്റെ ഇരട്ട സേവുകളും അത്ലറ്റിക്കോയുടെ രക്ഷയ്ക്കെത്തി. യുവെ വിജയവുമായി മടങ്ങുമെന്ന ഘട്ടത്തില്‍ 76-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഹെരേര 90-ാം മിനിറ്റില്‍ കോര്‍ണറില്‍ തലവെച്ച് അത്ലറ്റിക്കോയ്ക്ക് സമനില നേടിക്കൊടുത്തു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടതിനു ശേഷം റയല്‍ പഴയ റയലേ അല്ല. ഇക്കാര്യം അടിവരയിട്ടുറപ്പിച്ച് ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് വമ്പന്‍മാര്‍ക്ക് കനത്ത തോല്‍വി. ഫ്രഞ്ച് ക്ലബ് പിഎസ്ജിയാണ് റയലിനെ തകര്‍ത്തുവിട്ടത്. ഗ്രൂപ്പ് എയില്‍ ഫ്രഞ്ച് ചാമ്പ്യന്‍മാര്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് റയലിനെ തറപറ്റിച്ചത്. സസ്‌പെന്‍ഷന്‍ മൂലം പിഎസ്ജി സൂപ്പര്‍താരം നെയ്മറും പരുക്കുമൂലം സൂപ്പര്‍താരങ്ങളായ എഡിസന്‍ കവാനി, കിലിയന്‍ എംബപ്പെ എന്നിവരും പുറത്തിരുന്ന മല്‍സരത്തിലാണ് ഈ തോല്‍വി എന്നത് റയലിന്റെ വേദന കൂട്ടുന്നു. റയല്‍ വിട്ട് പി എസ്ജിയിലെത്തിയ ഏഞ്ചല്‍ ഡി മരിയ രണ്ട് ഗോള്‍ നേടി. എക്‌സ്ട്രാ ടൈമില്‍ ഗോള്‍ തോമസ് മ്യൂണിയറും ഗോളടിച്ചതോടെ പി എസ് ജിയുടെ പട്ടിക പൂര്‍ത്തിയായി. ബല്‍ജിയം താരം ഏദന്‍ ഹസാഡ് ചാംപ്യന്‍സ് ലീഗില്‍ റയല്‍ ജഴ്‌സിയില്‍ അരങ്ങേറിയെങ്കിലും മല്‍സരഫലത്തെ സ്വാധീനിക്കാനായില്ല.

മറ്റ് മത്സരങ്ങളില്‍ ലോകോമോട്ടീവ് മോസ്‌കോ, ബയോണ്‍ മ്യൂണിച്ച്, മാഞ്ചസ്റ്റര്‍ സിറ്റി, ഡയനാമോ സാഗ്രെബ് എന്നിവര്‍ വിജയം നേടി. മാഞ്ചസ്റ്റര്‍ സിറ്റി 3-0നാണ് ഷാക്തര്‍ ഡണ്‍ടസ്‌കിനെ തുരത്തിയത്. സിറ്റിക്കായി റിയാദ് മഹ്റെസ് (24), ഗുണ്ടോഗന്‍ (38), ഗബ്രിയേല്‍ ജെസ്യൂസ് (76) എന്നിവര്‍ ഗോള്‍ നേടി.